NEWSROOM

കോഴിക്കോട് താമരശ്ശേരിയില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു; മോഷ്ടാവിനെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പി പൊലീസ്

പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മേഖലയില്‍ വീണ്ടും വ്യാപക മോഷണം നടക്കുന്നതായി നാട്ടുകാരുടെ പരാതി.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് താമരശ്ശേരിയില്‍ മോഷണങ്ങള്‍ തുടര്‍കഥയാകുമ്പോഴും മോഷ്ടാവിനെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പി പൊലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും മോഷ്ടാവിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നാണ് നാട്ടുകാരുടെ പരാതി.

താമരശ്ശേരിയിലെ മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മേഖലയില്‍ വീണ്ടും വ്യാപക മോഷണം നടക്കുന്നതായി നാട്ടുകാരുടെ പരാതി.

താമരശ്ശേരിയുടെ സമീപ പ്രദേശങ്ങളിലെ മൂന്ന് തട്ടുകടകളില്‍ നിന്നായി പണവും, ഗ്യാസ് സിലിണ്ടറും, ബേക്കറി സാധനങ്ങളും മോഷണം പോയെന്നാണ് പുതിയ പരാതി. അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന മൂന്ന് തട്ടുകടകള്‍ മോഷ്ടാക്കള്‍ കുത്തി തുറന്നതായും പരാതിയുണ്ട്

ദിവസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരിക്ക് സമീപം കോരങ്ങാട്, മഞ്ചട്ടി, കെടവൂര്‍ എന്നിവിടങ്ങളിലെ 8 വീടുകളില്‍ കള്ളന്‍ കയറിയിരുന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നെങ്കിലും പിടികൂടാന്‍ ഇതു വരെ സാധിച്ചിട്ടില്ല. മൂന്നു ദിവസംമുമ്പ് താമരശ്ശേരി ചുങ്കത്തെ ബാറ്ററി റിപ്പയര്‍ കടയില്‍ നിന്നും ബാറ്ററികള്‍ മോഷണം പോയി. മോഷ്ടാക്കളെ വേഗത്തില്‍ പിടി കൂടി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



SCROLL FOR NEXT