വിവാദ പ്രൊബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്ക്കര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ആഡംബര കാര്‍ പൂനെ പൊലീസ് കണ്ടുകെട്ടി. ഈ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് സ്ഥാപിച്ചത് വിവാദമായിരുന്നു.
പൂനെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഈ ഔഡി കാറിന്‍റെ ഉടമസ്ഥരായ സ്വകാര്യ സ്ഥാപനത്തിന് വ്യാഴാഴ്ച നോട്ടീസ് നല്‍കിയിരുന്നു. പൂനെയില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം പൂജയാണ് ഈ കാര്‍ ഉപയോഗിക്കുന്നത്. ഹവേലി താലൂക്കിലെ ഷിവാനെ ഗ്രാമമാണ് ഉടമസ്ഥരുടെ മേല്‍വിലാസമായി നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പൂനെയില്‍ പ്രൊബേഷണറി ഐഎഎസ് ഉദ്യോഗസ്ഥയായി ചുമതലയേറ്റെടുത്ത ശേഷം പ്രത്യേക ക്യാബിനും ജോലിക്കാരെയും ആവശ്യപ്പെട്ടതിലൂടെയാണ് പൂജ ഖേഡ്ക്കര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അതിനു പുറകെ സര്‍വീസില്‍ പ്രവേശിക്കാന്‍ കാഴ്ച പരിമിതിയുണ്ടെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വ്യക്തിയാണെന്നും തെറ്റായ രേഖകള്‍ നല്‍കി അവകാശവാദം ഉന്നയിച്ചുവെന്ന ആരോപണം ഉയര്‍ന്നു. പൂജയുടെ അമ്മ മനോരമ ഖേഡ്ക്കര്‍ പൊതു സ്ഥലത്ത് തോക്ക് ചൂണ്ടിയെന്ന കേസും ഇതിന് പിന്നാലെ വന്നിരുന്നു.
പൂജ ഖേഡ്ക്കറിനെതിരായ പരാതികളില്‍ അന്വേഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.