കന്‍വാര്‍ തീര്‍ഥാടന യാത്രയുമായി ബന്ധപ്പെട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറപ്പെടുവിച്ച വിവാദ ഉത്തരവ് സംബന്ധിച്ച് ബിജെപിക്കുള്ളിലും ഭിന്നത. കന്‍വാര്‍ തീര്‍ത്ഥാടന യാത്ര നടക്കുന്ന പ്രദേശത്തെ എല്ലാ ഭക്ഷണ ശാലകള്‍ക്ക് മുന്നിലും ഉടമകളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവാണ് ബിജെപി നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്.
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, കേന്ദ്ര മന്ത്രി ചിരാഗ് പസ്വാന്‍, ജെഡിയു തുടങ്ങി ബിജെപി നേതാക്കളും എന്‍ഡിഎ സഖ്യകക്ഷികളും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഈ നടപടി ഒരു പ്രത്യേക സമുദായത്തെ ഒറ്റപ്പെടുത്താനാണെന്ന ആരോപണവും മറ്റ് വിമര്‍ശനങ്ങളുമാണ് എന്‍ഡിഎയ്ക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നത്.
തീര്‍ഥാടകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ വഴിയിലുള്ള ഹോട്ടലുകള്‍, ധാബകള്‍, തുടങ്ങി എല്ലാ ഭക്ഷണശാലകളിലും ഉടമസ്ഥരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവാണ് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.
അമിതാവേശമുള്ള ചില ഉദ്യോഗസ്ഥരുടെ ധൃതിപിടിച്ച ഉത്തരവുകളുടെ ഫലമായി രാജ്യത്ത് 'തൊട്ടുകൂടായ്മയെന്ന രോഗം' പടരുമെന്നായിരുന്നു അബ്ബാസ് നഖ്വിയുടെ പ്രസ്താവന. ഓരോ വ്യക്തിയുടെയും വിശ്വാസം മാനിക്കപ്പെടണം, എന്നാല്‍ അത് തൊട്ടുകൂടായ്മയെ പ്രോത്സാഹിപ്പിച്ചുകൊണ്ടാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒപ്പം ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാനും തീരുമാനത്തെ ശക്തമായി എതിര്‍ത്തു. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിഭജനത്തെ ഒരിക്കലും പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് പസ്വാന്‍ പറഞ്ഞു. അതേസമയം കന്‍വാര്‍ മുസാഫര്‍നഗര്‍ പൊലീസ് ഉത്തരവ് പിന്‍വലിക്കണമെന്നും അത് സാമുദായിക സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവ് കെസി ത്യാഗി പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്നായിരുന്നു ത്യാഗിയുടെ പ്രസ്താവന.
ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളും(ആര്‍എല്‍ഡി) പ്രതിഷേധവുമായി രംഗത്തെത്തി. വ്യാപാരികളോട് പേര് വെളിപ്പെടുത്താന്‍ കാണിക്കാന്‍ ആവശ്യപ്പെട്ടത് തികച്ചും തെറ്റാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
'ഗാന്ധിയും, ചൗധരി ചരണ്‍ സിംഗുമൊക്കെ മതവും ജാതിയും എങ്ങനെ ഒഴിവാക്കണമെന്നതിലാണ് ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ മതവും ജാതിയും രാഷ്ട്രീയത്തില്‍ കലര്‍ത്തി മുന്നോട്ട് കൊണ്ടുപോവുകയാണ്. ഈ നടപടി ശരിയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. തെരുവ് വണ്ടികളില്‍ ഒരാളുടെ പേര് എഴുതാന്‍ നിങ്ങള്‍ എന്തിനാണ് ശ്രമിക്കുന്നത്?
'അവര്‍ക്ക് ജോലി ചെയ്യാനുള്ള പൂര്‍ണ അവകാശമുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളിടത്ത് നിന്ന് സാധനങ്ങള്‍ വാങ്ങാം. മാംസാഹാരം ചര്‍ച്ചവിഷയമാവുന്നിടത്ത് അവര്‍ മദ്യപാനത്തെ കുറിച്ച് എന്ത്‌കൊണ്ട് സംസാരിക്കുന്നില്ല? പാവപ്പെട്ടവര്‍ക്ക് നേരെയാണ് നിങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെയെങ്കില്‍ മദ്യം നിരോധിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടും. 'ആര്‍എല്‍ഡി ദേശീയ ജനറല്‍ സെക്രട്ടറി ത്രിലോക് യാദവ് പറഞ്ഞു.
വിഷയം കോടതി സ്വമേധയാ എടുത്ത് പരിഗണിക്കണമെന്നാണ് ഉത്തര്‍പ്രദേശ് മുൻ മുഖ്യമന്ത്രിയും എസ്‌പി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞത്. ഇത്തരത്തിലുള്ള ഉത്തരവുകളെ 'സാമൂഹിക കുറ്റകൃത്യങ്ങള്‍' ആണെന്നും ഇവ പ്രദേശത്തിന്റെ സമാധാനപരമായ അന്തരീക്ഷം വഷളാക്കുമെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.
എല്ലാ ഭക്ഷണശാലകളിലും ഉടമയുടെയും തൊഴിലാളികളുടെയും പേരും ബന്ധപ്പെടാനുള്ള നമ്പറും പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ട ഏകീകൃത ഉത്തരവിനെ തടസപ്പെടുത്താന്‍ മാത്രം ദുര്‍ബമല്ല ഇന്ത്യയുടെ 'മതേതരത്വം' എന്നാണ് ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യ എക്സില്‍ കുറിച്ചത്.
അതേസമയം ശുദ്ധമായ വെജ് റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന നോമ്പെടുക്കുന്ന ഹിന്ദുക്കളെ പരിഗണിച്ചാണ് നടപടിയെന്നാണ് ഇതിനെ അനുകൂലിക്കുന്ന ചിലര്‍ വാദിക്കുന്നത്. ശുദ്ധ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ സാത്വികമായ ഭക്ഷണം വിളമ്പാനുള്ള സാധ്യത കൂടുതലാണെന്ന് പറഞ്ഞുകൊണ്ടാണ് അനുകൂലികള്‍ ബിജെപി സര്‍ക്കാരിനെ ന്യായീകരിക്കുന്നത്.
യോഗി ആദിത്യനാഥ് പൊതുജനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധാലുവാണെന്നായിരുന്നു ബിജെപി നേതാവ് മൊഹ്സിന്‍ റാസയുടെ വിശദീകരണം. സര്‍ക്കാര്‍ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നുണ്ട്. അതുകൊണ്ട് ആരും അവരുടെ പേരുകള്‍ മറച്ചുവെക്കേണ്ടതില്ല. ഇത് വിയോജിപ്പിൻ്റെയല്ല യോജിപ്പിന്റെ സന്ദേശമാണ് നല്‍കുന്നത്. കന്‍വാര്‍ യാത്രയെ എതിര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മൊഹ്സിന്‍ റാസ പറഞ്ഞു.