NEWSROOM

ഏകീകൃത കുര്‍ബ്ബാനയെച്ചൊല്ലിയുള്ള തര്‍ക്കം; വിയോജനക്കുറിപ്പ് ഇറക്കി മെത്രാന്‍മാര്‍

ജനാഭിമുഖ കുർബാന അംഗീകരിക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അൽമായ മുന്നേറ്റേ വക്താവ് റിജൂ കാഞ്ഞൂക്കാരൻ പറഞ്ഞൂ

Author : ന്യൂസ് ഡെസ്ക്

സീറോ മലബാര്‍ സഭ സിനഡില്‍ ഏകീകൃത കുര്‍ബാന സര്‍ക്കുലറിനെതിരെ വിയോജന കുറിപ്പ് ഇറക്കി മെത്രാന്മാര്‍. സിനഡില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നാണ് മെത്രാന്മാര്‍ വിയോജനക്കുറിപ്പ് ഇറക്കിയത്. മെത്രാന്മാരായ എബ്രഹാം നരിക്കുളം, ജോസ് ചിറ്റുപ്പറമ്പില്‍, ജോസ് പുതുവീട്ടില്‍, കുര്യാക്കോസ് ഭരണിക്കുളങ്ങര, സെബാസ്റ്റ്യന്‍ എടയന്തരത്ത് എന്നിവരാണ് വിയോജിപ്പ് അറിയിച്ചത്.

സംഭവത്തില്‍ അനുരഞ്ജനത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും മെത്രാന്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. സീറോമലബാര്‍ സഭ കുര്‍ബാന തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിനഡില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെയാണ് വിയോജനക്കുറിപ്പ് ഇറക്കിയത്. വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെ പുറത്താക്കുന്നത് സഭയുടെ ശൈലിയല്ല. വെറുമൊരു അനുഷ്ഠാനത്തിന്റെ പേരില്‍ കടുംപിടിത്തം പിടിക്കേണ്ട ആവശ്യമില്ലെന്നും വിയോജനക്കുറിപ്പില്‍ പറയുന്നു. 

അതേസമയം ജനാഭിമുഖ കുര്‍ബാന അംഗീകരിക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അല്‍മായ മുന്നേറ്റേ വക്താവ് റിജൂ കാഞ്ഞൂക്കാരന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇന്നലെ സിനഡില്‍ 13 ബിഷപ്പുമാര്‍ തങ്ങള്‍ക്ക് അനുകൂലമായി നിന്നു. സിനഡില്‍ നടന്ന കാര്യങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതെന്നും റിജു വ്യക്തമാക്കി.

SCROLL FOR NEXT