NEWSROOM

NCPയിൽ തര്‍ക്കം രൂക്ഷം; ശശീന്ദ്രനെ വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല, ഉടന്‍ രാജിവെപ്പിച്ചില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് പി.സി. ചാക്കോ

ശശീന്ദ്രനെ വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പി.സി. ചാക്കോ ശരദ് പവാറിനെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

മന്ത്രിമാറ്റത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എന്‍സിപിയിലെ തര്‍ക്കം രൂക്ഷമാകുന്നു. രാജിവെക്കില്ലെന്ന് എ.കെ. ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കിയതോടെ രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. ശശീന്ദ്രനെ ഉടന്‍ രാജിവെപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജി വെക്കുമെന്ന് പി.സി. ചാക്കോ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന. ശശീന്ദ്രനെ വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പി.സി. ചാക്കോ ശരദ് പവാറിനെ അറിയിച്ചു.

അതേസമയം, എൻ.സി.പി സംസ്ഥാന നേതൃത്വത്തിനെതിരെ മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. "മന്ത്രിസഭയിലെ മെക്കാനിസത്തിൽ മുഖ്യമന്ത്രിക്ക് റോൾ ഉണ്ട്. അക്കാര്യം സംസ്ഥാന നേതൃത്വം വേണ്ടത്ര മനസിലാക്കിയില്ല. തന്നെ പ്രത്യേകമായി സംരക്ഷിക്കണമെന്ന നിർബന്ധം മുഖ്യമന്ത്രിക്കില്ല. അത്തരം പ്രചാരണങ്ങൾ തെറ്റാണ്. തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നതിൽ മുഖ്യമന്ത്രിക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. അങ്ങനെ ഒരാളെ മന്ത്രിസഭയിൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. മുഖ്യമന്ത്രി അതൃപ്തി എൻസിപി കേന്ദ്ര നേതൃത്വത്തോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗത്തെ തീരുമാനിക്കുന്നതിൽ മുഖ്യമന്ത്രിക്ക് റിസർവേഷൻ ഉണ്ട്. മുഖ്യമന്ത്രിയെ ഒഴിച്ച് നിർത്തിയുള്ള തീരുമാനമല്ല വേണ്ടത്. ദേശീയ നേതൃത്വത്തിന് വിട്ട കാര്യമാണ് സംസ്ഥാന അധ്യക്ഷൻ യോഗം വിളിച്ചു ചർച്ച ചെയ്തത്. അത് ഒഴിവാക്കേണ്ട കാര്യമായിരുന്നു. എൻസിപിക്ക് മന്ത്രി ഉണ്ടാകുമെങ്കിൽ രാജിവെക്കാൻ തയ്യാറാണ്" എ.കെ. ശശീന്ദ്രൻ തുറന്നടിച്ചു.

മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ എ.കെ. ശശീന്ദ്രന് എന്‍സിപി സംസ്ഥാന നേതൃത്വം വ്യാഴാഴ്ച വരെയാണ് സമയം നല്‍കിയതെന്നാണ് സൂചന. വിഷയത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ. തോമസ്.

SCROLL FOR NEXT