പ്രതീകാത്മക ചിത്രം 
NEWSROOM

ഇന്ധന ടാങ്കറില്‍ പാചക എണ്ണ; ഇവിടെയിങ്ങനെയെന്ന് ചൈനീസ് സര്‍ക്കാര്‍; ഒന്ന് കഴുകിക്കൂടെയെന്ന് ജനങ്ങള്‍

ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ചൈനീസ് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനേറ്റ ഏറ്റവും പുതിയ പ്രഹരമാണിത്

Author : ന്യൂസ് ഡെസ്ക്

തായ്‌വാനോ... വിഘടനവാദമോ അല്ല, ചൈന ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം പാചക എണ്ണയാണ്. ചൈനയില്‍ പാചക എണ്ണകളില്‍ മലിനീകരണം സംഭവിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. മാരകമായ രാസപദാര്‍ഥങ്ങളുടെ അംശങ്ങളുള്ള ഇന്ധന ടാങ്കറുകള്‍ ശരിയായ രീതിയില്‍ ശുദ്ധീകരിക്കാതെ പാചക എണ്ണ കൊണ്ടുപോകാനായി ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തല്‍. സമൂഹ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രചരിച്ചതോടെ ഭക്ഷ്യവിഷബാധയുടെ ആശങ്കയിലാണ് ജനങ്ങള്‍.

ചൈനയിൽ ഇന്ധനങ്ങള്‍ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ടാങ്കറുകളാണ് വൃത്തിയാക്കാതെ ഭക്ഷ്യ ഉല്‍പ്പന്നങ്ങളായ പാചക എണ്ണകളും സിറപ്പുകളും കൊണ്ടുപോകാനായി ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബീജിങ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് കച്ചവടത്തിലെ തുറന്ന രഹസ്യമാണെന്നാണ് ഒരു ടാങ്കര്‍ ഡ്രൈവര്‍ പത്രത്തിനോട് പറഞ്ഞിരിക്കുന്നത്.

ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ചൈനീസ് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനേറ്റ ഏറ്റവും പുതിയ പ്രഹരമാണിത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ വിഷയമാണ് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. എക്സിന്‍റെ ചൈനീസ് ബദലായ വെയ്‌ബ്വൊയില്‍ പതിനായിരക്കണക്കിന് പോസ്റ്റുകളാണ് പാചക എണ്ണ മലിനീകരണ വിവാദത്തിനെപ്പറ്റി വരുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഈ പോസ്റ്റുകള്‍ക്കുള്ളത്.

2008ലെ സാന്‍ലു പാല്‍ വിവാദവുമായാണ് പാചക എണ്ണ വിഷയത്തെ ജനങ്ങള്‍ താരതമ്യപ്പെടുത്തുന്നത്. പാല്‍പ്പൊടി കലക്കിയ വെള്ളം കുടിച്ച ശേഷം ആറ് കുട്ടികള്‍ മരിക്കുകയും മൂന്ന് ലക്ഷം കുട്ടികള്‍ രോഗബാധിതരാകുകയും ചെയ്ത സംഭവമാണ് സാന്‍ലു പാല്‍ വിവാദം. വ്യാവസായിക രാസപദാര്‍ഥമായ മെലാമൈന്‍ അമിതമായ അളവില്‍ പാല്‍പ്പൊടിയില്‍ ഉപയോഗിച്ചതായിരുന്നു അപകട കാരണം.

ചൈനയില്‍ ടാങ്കറുകളില്‍ ഏതു തരം ചരക്കുകളും കൊണ്ടുപോകാം. ഇതിനായി മാനദണ്ഡങ്ങളില്ലാത്തതിനാല്‍ കല്‍ക്കരി ഇന്ധനങ്ങള്‍ കൊണ്ടുപോയതിന് ശേഷം ഭക്ഷ്യ ഉല്‍പ്പന്നങ്ങളും വഹിച്ചുകൊണ്ട് പോകുന്നതിന് വിലക്കുകളില്ല. എന്നാല്‍, ചരക്കു നീക്കത്തിനിടയില്‍ ടാങ്കറുകള്‍ വൃത്തിയാക്കുന്നില്ല എന്നതാണ് വിഷയത്തിന് ജനശ്രദ്ധ നേടിക്കൊടുത്തത്. ഇതോടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം ചൈനയില്‍ സജീവമായിരിക്കുകയാണ്. ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സിനോഗ്രെയിനിന്‍റെയും ഹോപ്ഫുള്‍ ഗ്രെയിന്‍ ആന്‍ഡ് ഓയില്‍ ഗ്രൂപ്പിന്‍റെയും ഉപസ്ഥാപനങ്ങളും പാചക എണ്ണ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്.


SCROLL FOR NEXT