NEWSROOM

കുടിശ്ശികയായി ശമ്പളവും അവധിക്കാല അലവന്‍സും; ദുരിതത്തിലായി പൊതുവിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍

തുച്ഛമായ ദിവസ ശമ്പളമല്ലാതെ മറ്റ് യാതൊരു ആനുകൂല്യങ്ങളും ഇല്ല. അതുതന്നെ സമരം ചെയ്താലേ കിട്ടൂ എന്നാണ് പാചകത്തൊഴിലാളികള്‍ നേരിടുന്ന ദുരവസ്ഥ.

Author : ന്യൂസ് ഡെസ്ക്


പുതിയൊരു സ്‌കൂള്‍ വര്‍ഷം തുടങ്ങാന്‍ പോകുന്നു. അതിന്റെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച വാര്‍ത്തകളുടെ സമയമാണിത്. ഇതിനിടെ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ വേദന കേരളം കാണണം. പൊതുവിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികള്‍ വലിയ സങ്കടത്തിലാണ്. കഴിഞ്ഞ അധ്യയന വര്‍ഷക്കാലത്തെ കുടിശ്ശിക ശമ്പളവും അവധിക്കാല അലവന്‍സും ഇവര്‍ക്കിപ്പോഴും ലഭിച്ചിട്ടില്ല. തുച്ഛമായ ദിവസ ശമ്പളമല്ലാതെ മറ്റ് യാതൊരു ആനുകൂല്യങ്ങളും ഇല്ല. അതുതന്നെ സമരം ചെയ്താലേ കിട്ടൂ എന്നാണ് പാചകത്തൊഴിലാളികള്‍ നേരിടുന്ന ദുരവസ്ഥ.

കഴിഞ്ഞുപോയ സ്‌കൂള്‍ വര്‍ഷത്തിലെ ഫെബ്രുവരി മാര്‍ച്ച് മാസത്തിലെ വേതന ബാക്കി ആയിരം രൂപ വീതം രണ്ടായിരം രൂപ കിട്ടാന്‍ ബാക്കിയുണ്ട്. സ്‌കൂള്‍ വേനലവധിക്ക് പൂട്ടി ജോലിയില്ലാതാകുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ താത്കാലിക ആശ്വാസമായി 2000 രൂപ അവധിക്കാല അലവന്‍സ് കിട്ടിയിരുന്നതാണ്. ഇത്തവണ അതും മുടങ്ങി. കഴിഞ്ഞ രണ്ട് മാസമായി ഒരു രൂപ വരുമാനമില്ലാതെ ജീവിക്കുകയാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണം വച്ചുവിളമ്പുന്ന ഈ തൊഴിലാളികള്‍.

500 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളില്‍ ഒരു പാചകത്തൊഴിലാളിയെ വയ്ക്കാം എന്നാണ് സര്‍ക്കാരിന്റെ കണക്ക്. 600 രൂപ മാത്രമാണ് പ്രതിദിന വേതനം. പക്ഷേ 500 കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ഒറ്റയ്ക്കാകില്ല. ഒരു സഹായിയുടെ ആവശ്യം വേണ്ടിവരും. അതിനുള്ള തുക സര്‍ക്കാരോ സ്‌കൂളോ ഏറ്റെടുക്കില്ല. അതും പാചകത്തൊഴിലാളിയുടെ ഉത്തരവാദിത്തമാകും. അതോടെ കിട്ടുന്ന 600 രൂപ കൂലി 300 ആയി കുറയും. ഇങ്ങനെ കിട്ടുന്ന പണത്തില്‍ നിന്നാണ് ഇപ്പോള്‍ 4000 രൂപ കുടിശ്ശികയായത്. ഇവര്‍ എന്തുചെയ്യും?

സ്‌കൂള്‍ ഭക്ഷണ ഫണ്ടില്‍ 40 ശതമാനം കേന്ദ്രവിഹിതവും 60 ശതമാനം സംസ്ഥാന വിഹിതവുമാണ്. കേന്ദ്രവിഹിതം കിട്ടിയില്ലെന്ന പേരിലാണ് ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് 1000 രൂപ വീതം കുറച്ചത്. എല്ലാ വിഷയങ്ങളിലും എന്നപോലെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്ന് കേരളവും സംസ്ഥാനം കൃത്യമായി കണക്കുകള്‍ കൈമാറുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുന്നു. ഇതിനിടയില്‍ ഈ പാവം തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്നു.

ഓരോ ആറ് മാസം കൂടുമ്പോഴും മെഡിക്കല്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതിനും ചെലവുണ്ട്, 2000 രൂപ. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കേരളത്തില്‍ 13,766 തൊഴിലാളികളുണ്ട്. മുപ്പത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരാണ് കേരളത്തിലെ മിക്ക പാചക തൊഴിലാളികളും. ഇതില്‍ 99 ശതമാനം പേരും സ്ത്രീകള്‍. കൂട്ടത്തില്‍ 60 വയസ് പിന്നിട്ടവര്‍ വരെയുണ്ട്. പക്ഷേ വിരമിക്കല്‍ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്കില്ല.

2017ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌കൂള്‍ പാചക തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യം പരിഗണിക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും അത് കടലാസില്‍ ഒതുങ്ങി. പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളൊന്നും ഇതുവരെയും നടപ്പായതുമില്ല. തത്കാലം കുടിശ്ശിക ശമ്പളമെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാണ് ഇവരുടെ ആവശ്യം.

SCROLL FOR NEXT