NEWSROOM

അഗളി ഗവൺമെന്റ് എൽപി സ്കൂളിൽ പുലിയെ കണ്ടതായി പാചക തൊഴിലാളികൾ; പ്രീ- പ്രൈമറി പാർക്കിൽ ആടിൻ്റെ അവശിഷ്ടങ്ങൾ

സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി പരിസര വാസികളും പറയുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് അഗളി ഗവൺമെന്റ് എൽപി സ്കൂളിൽ പുലിയെ കണ്ടതായി റിപ്പോർട്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. സ്കൂളിലെ പാചക തൊഴിലാളികൾ ആണ് പുലിയെ കണ്ടതായി വിവരം നൽകിയത്. പ്രീ- പ്രൈമറി വിദ്യാർഥികൾക്കുള്ള പാർക്കിൽ ആടിൻ്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി പരിസര വാസികളും പറയുന്നുണ്ട്.

അതേസമയം, മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 27ന് ഉച്ചയ്ക്ക് ശേഷം സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വച്ചാണ് യോഗം ചേരുക. വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.

ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാർ, വനം - വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരും പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്യും.

SCROLL FOR NEXT