NEWSROOM

മീററ്റിൽ ഭാര്യയും ആൺസുഹൃത്തും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ദുർമന്ത്രവാദമോ? ഉത്തരവുമായി അന്വേഷണ ഉദ്യോഗസ്ഥർ

"സൗരഭ് രജ്പുതിൻ്റെ മൃതശരീരത്തിലെ ചില ഭാഗങ്ങൾ കണ്ടപ്പോൾ ഇതിൽ ഒരു ദുർമന്ത്രവാദ വശമുണ്ടെന്ന് തോന്നിയിരുന്നു"

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും ആൺസുഹൃത്തും ചേർന്ന് മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന സംഭവത്തിന് പിന്നാൽ ദുർമന്ത്രവാദമോ എന്ന ചോദ്യത്തിന് ഉത്തരവുമായി പൊലീസ്. സൗരഭ് രജ്പുതിൻ്റെ മൃതശരീരത്തിലെ ചില ഭാഗങ്ങൾ കണ്ടപ്പോൾ ഇതിൽ ഒരു ദുർമന്ത്രവാദ വശമുണ്ടെന്ന് തോന്നിയിരുന്നു. എന്നാൽ അത്തരം തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മീററ്റ് സിറ്റി എസ്പി ആയുഷ് വിക്രം സിങ്ങ് പറഞ്ഞു. അതൊരു ആസൂത്രിത കൊലപാതകമായിരുന്നു, ദുർമന്ത്രവാദമെന്ന സംശയം തെറ്റായ ദിശയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെയും ഇരുവരും ചേർന്ന് സൗരഭിനെ കൊല ചെയ്യാൻ ശ്രമം നടത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. 2023 മുതൽ ലണ്ടനിലെ ബേക്കറിയിലാണ് സൗരഭ് ജോലി ചെയ്യുന്നത്. ഫെബ്രുവരി 24നാണ് ഇയാൾ നാട്ടിലെത്തിയത്. ഫെബ്രുവരി 25ന് പ്രതികൾ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ മാർച്ച് 3ന് ഇവർ അവരുടെ പദ്ധതി നടപ്പിലാക്കുകയായിരുന്നു എന്നും ആയുഷ് വിക്രം സിങ്ങ് പറഞ്ഞു.

ആൺസുഹൃത്ത് സാഹിൽ ശുക്ല, മുസ്‌കൻ റസ്‌തോഗിയെ മയക്കുമരുന്നിന് അടിമയാക്കിയെന്ന് അവളുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ അവർ മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സാഹിലിനെ കാണുന്നതിന് മുമ്പ് തന്നെ താൻ മദ്യപിക്കുമായിരുന്നു എന്നാണ് മുസ്‌കൻ അവകാശപ്പെടുന്നത്.

മാർച്ച് 4ന് മീററ്റിലെ ബ്രഹ്മപുരി മേഖലയിലാണ് സംഭവമുണ്ടായത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി സിമൻ്റ് ഡ്രമ്മിനുള്ളിൽ അടച്ചുവെച്ച നിലയിലായിരുന്നു. കുഞ്ഞിൻ്റെ ജന്മദിനം ആഘോഷിക്കാനായാണ് സൗരഭ് രജ്പുത് ലണ്ടനിൽ നിന്ന് ഇന്ത്യയിലെത്തിയത്. കൊലപാതകം നടന്ന് 15 ദിവസങ്ങൾക്ക് ശേഷം, കഴിഞ്ഞദിവസമാണ് വാടക അപ്പാർട്ട്മെന്റിൽ നിന്ന് അഴുകിയ നിലയിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപ്പാർട്ട്മെന്റിൽ നിന്നുള്ള ദുർഗന്ധത്തത്തെപ്പറ്റി മറ്റ് താമസക്കാരാണ് പൊലീസിൽ വിവരം നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഒന്നിലധികം കഷണങ്ങാക്കി സിമന്റ് നിറച്ച വാട്ടർ ഡ്രമ്മിനുള്ളിൽ അടച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഇയാളുടെ ഫോണിൽ നിന്നും ഭാര്യ കുടുംബാംഗങ്ങൾക്ക് സന്ദേശം അയച്ചിരുന്നു. 2016 ലാണ് കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ച് മുസ്കനും സൗരഭും വിവാഹിതരായത്.

SCROLL FOR NEXT