NEWSROOM

നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

2017ലാണ് കേഡൽ തൻ്റെ കുടുംബത്തിലെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൂട്ടക്കൊലയ്ക്ക് പിന്നിൽ രക്ഷിതാക്കളോടുള്ള പകയെന്നാണ് കണ്ടെത്തൽ

Author : ന്യൂസ് ഡെസ്ക്

നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ ശിക്ഷ വിധിച്ച് കോടതി. കേസിലെ ഏക പ്രതി കേഡല്‍ ജെന്‍സന്‍ രാജ കുറ്റക്കാരനെന്ന് വിധിച്ച് കോടതി. കേസിൽ ശിക്ഷാവിധി നാളെയാണ് പ്രസ്താവിക്കുക. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചെങ്കിലും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. വിഷ്ണു, കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

റിട്ട. പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെയാണ് കേഡൽ ജിന്‍സന്‍ രാജ ക്രൂരമായി കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായിരുന്നു കൊലപാതകം. ഓണ്‍ലൈനിലൂടെ വാങ്ങിയ മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ചു മൃതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ച ശേഷം പ്രതി ചെന്നൈയിലേക്ക് കടന്നു. തിരികെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കേഡലിനെ പൊലീസ് പിടികൂടിയത്.

കൊലപാതക കാരണം സ്വര്‍ഗപ്രവേശന ആഭിചാരവിദ്യയായ ആസ്ട്രൽ പ്രൊജക്ഷന്നെന്ന് പറഞ്ഞെങ്കിലും പിന്നീട് മനോരോഗ വിദഗ്ധന് മുമ്പിൽ കാര്യങ്ങൾ തുറന്നു പറഞ്ഞു. രക്ഷിതാക്കളോടുള്ള പകയാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചത്. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കേഡൽ നിലപാടെടുത്തു. കേസിൽ 41 സാക്ഷികളെ വിസ്തരിച്ചു. 104 രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.

ഫോറന്‍സിക് തെളിവുകളാണ് പ്രോസിക്യൂഷൻ്റെ തുറുപ്പ്. പ്രതിയുടെ വസ്ത്രങ്ങളില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ രക്ത സാമ്പിളുകള്‍ കണ്ടെത്തിയതും നിർണായകമായി. എസ്.പി. കെ. ഇ ബൈജുവായിരുന്നു കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥൻ. ദിലീപ് സത്യനാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

SCROLL FOR NEXT