കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരായ അഴിമതി ആരോപണത്തിൽ ടി.വി. പ്രശാന്തനോട് വിശദീകരണം തേടി കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ്. എൻജിഒ അസോസിയേഷൻ്റെ പരാതിയിലാണ് നടപടി. മെഡിക്കല്‍ കോളേജ് ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്തൻ.
സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന ഒരു വ്യക്തിക്ക് കച്ചവട സ്ഥാപനം നടത്തുന്നതിന് നിയമപരമായി അനുവാദമില്ല. അതിനാൽ പ്രശാന്തനെ സർവ്വീസിൽ തുടരാൻ അനുവദിക്കരുതെന്നും പരാതിയിൽ പറയുന്നു. 98500 രൂപ പ്രസ്തുത സ്ഥാപനത്തിൻ്റെ അനുമതി ലഭിക്കുന്നതിനായി കൈക്കൂലി നൽകി എന്ന് സ്വയം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് ശുപാർശചെയ്യണമന്നാണ് എൻജിഒ പരാതിയിൽ ആവശ്യപ്പെടുന്നത്.
ALSO READ: എഡിഎം കൈക്കൂലി ആവശ്യപ്പെട്ടു, ചോദിച്ചത് ഒരു ലക്ഷം രൂപ; 98500 രൂപ നല്‍കിയെന്ന് പരാതിക്കാരൻ
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഒക്ടോബർ ആറാം തീയതി എഡിഎം താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. കൈക്കൂലി നൽകിയില്ലെങ്കിൽ ഈ ജന്മത്തിൽ അനുമതി നൽകില്ലെന്നും, തൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റ് ബിസിനസുകളിലും, ജോലികളിലും തടസം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാൽ 98500 രൂപ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വെച്ച് നൽകിയെന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് എട്ടാം തീയതി പെട്രോൾ പമ്പിന് അനുമതി നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് നവീൻ ബാബുവിനെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റമായതിനെ തുടര്‍ന്ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു ദിവ്യ അദ്ദേഹത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. യോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ ജില്ല കളക്ടര്‍ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് നവീന്‍ ബാബുവിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. പിറ്റേന്നാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊതുവേദിയില്‍ ദിവ്യ നടത്തിയ ആരോപണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതോടെ, ദിവ്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.