കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വ്യാജമദ്യം കാരണം ദലിതർ മരിക്കുമ്പോൾ എന്തുകൊണ്ട് രാഹുൽ ഗാന്ധി പ്രതികരിക്കുന്നില്ലെന്ന് നിർമ്മല സീതാരാമൻ ചോദിച്ചു. കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എവിടെയെന്ന് ആക്ഷേപിക്കുകയും വിഷയത്തിൽ കോൺഗ്രസ് ഒരക്ഷരം പോലും മിണ്ടാത്തതിൻ്റെ ഞ്ഞെട്ടലിലാണ് താനെന്നും ധനമന്ത്രി പറഞ്ഞു.
പിന്നാലെ, കോൺഗ്രസിനെ വിമർശിച്ച ധനമന്ത്രിക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്തെത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരം വിഷമദ്യ ദുരന്തങ്ങൾ ഉണ്ടാവുകയും ഇതിനേക്കാൾ ആളുകൾ മരിക്കുകയും ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ മൗനം പാലിച്ച നിർമ്മല സീതാരാമനാണ് കോൺഗ്രസിനെയും തമിഴ്നാട് സർക്കാരിനെയും കുറ്റപ്പെടുത്തുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.