NEWSROOM

അമ്മയുടേയും അച്ഛന്റേയും വിവാഹ ആല്‍ബത്തില്‍ താനില്ലല്ലോ; 24 കാരി മകളുടെ ആഗ്രഹം സാധിപ്പിച്ച് മാതാപിതാക്കള്‍

മകളുടെ കുട്ടിക്കാലത്തെ ആഗ്രഹം 25 വര്‍ഷങ്ങള്‍ക്ക് ശേഷം സാധിച്ച് നല്‍കിയിരിക്കുകയാണ് മാതാപിതാക്കളായ ഷൈനനും ലെജിനയും

Author : ന്യൂസ് ഡെസ്ക്

തങ്ങളുടെ വിവാഹം നേരില്‍ കാണമെന്ന മകളുടെ ആഗ്രഹം സാധിച്ച് നല്‍കി ദമ്പതികള്‍. ഗുരുവായൂര്‍ അമ്പലനടയില്‍ കാല്‍നൂറ്റാണ്ടിന് ശേഷം നടന്ന വിവാഹത്തിനാകട്ടെ മുന്‍കൈയ്യെടുത്ത് നേതൃത്വം നല്‍കിയത് 24 വയസുകാരിയായ മകളും. തൃശൂര്‍ മണലൂര്‍ സ്വദേശികളായ ഷൈനനും ഭാര്യ ലെജിനയും മകള്‍ അയോമിയുമാണ് നാട്ടുകാര്‍ക്ക് കൗതുകമായി മാറിയ വിവാഹത്തിലെ താരങ്ങള്‍.


അച്ഛന്റെയും അമ്മയുടെ വിവാഹ ആല്‍ബത്തില്‍ താനില്ലെന്നായിരുന്നു മകളുടെ പരിഭവം. അടുത്ത വിവാഹത്തിന് തീച്ചയായും മകളെയും കൊണ്ടുപോകുമെന്നുള്ള മാതാപിതാക്കളുടെ ഉറപ്പ്. അയോമിയെന്ന 24 വയസുകാരിയുടെ കുട്ടിക്കാലത്തെ ആഗ്രഹം 25 വര്‍ഷങ്ങള്‍ക്ക് ശേഷം സാധിച്ച് നല്‍കിയിരിക്കുകയാണ് മാതാപിതാക്കളായ ഷൈനനും ലെജിനയും. ഏറെ കൌതുകം തോന്നുന്ന കല്യാണം നടന്നതാകട്ടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും.


2000 ജനുവരി 28 നാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഷൈനും ലെജിനയും വിവാഹിതരായത്. ദമ്പതികളുടെ 25 -ാം വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് മകള്‍ മുന്‍കൈയ്യെടുത്ത് നടത്തിയ പുനര്‍ വിവാഹവും നടന്നത്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന അയോമി ഷൈനനും ലെജിനയും അറിയാതെയാണ് ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹത്തിനായി പണം അടച്ച് ബുക്ക് ചെയ്തത്. എന്നാല്‍ വീണ്ടും വിവാഹം കഴിക്കാമെന്ന് പറഞ്ഞപ്പോള്‍ അമ്മ ലെജിന ആദ്യം എതിര്‍ത്തു. മകളുടെ ആഗ്രഹം നടത്തി കൊടുക്കാന്‍ തന്നെയായിരുന്നു ഷൈനന്റെ തീരുമാനം.

മകളുടെ ആഗ്രഹപ്രകാരം വിവാഹം നടത്താന്‍ തയ്യാറായെങ്കിലും ആര്‍ഭാടരഹിതമായിരിക്കണം എന്നത് ദമ്പതികള്‍ക്ക് നിര്‍ബന്ധമായിരുന്നു. മാതാപിതാക്കളുടെയും മകളുടെയും ആഗ്രഹങ്ങള്‍ ഒരുപോലെ സാധിച്ച ചടങ്ങില്‍ അതുകൊണ്ട് തന്നെ ആകെ അടുത്ത ബന്ധുവും സുഹൃത്തുക്കളുമടക്കം ആറ് പേര്‍ മാത്രമാണ് പങ്കെടുത്തതും.

SCROLL FOR NEXT