NEWSROOM

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യം അനുവദിച്ച് കോടതി

കർശന ഉപാധികളോടെയാണ് ബെയ്ലിന് ജാമ്യം നൽകിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച ബെയ്‌ലിന്‍ ദാസിനെ കോടതി റിമാന്‍ഡ് ചെയ്തതിരുന്നു. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ചയിലേക്ക് വിധിപറയാന്‍ മാറ്റി വെക്കുകയായിരുന്നു. റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയായിരുന്നു.

കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. രണ്ട് മാസത്തേക്ക് വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വിലക്കോടെയാണ് ജാമ്യം. കുറ്റപത്രം സമർപ്പിക്കുന്നത് വരെയാണ് വഞ്ചിയൂരിൽ പ്രവേശിക്കരുത് എന്ന വിലക്ക്. പരാതിക്കാരിയെ ബന്ധപ്പെടുകയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും വിധിയിൽ പറയുന്നു. 

സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അഡ്വ. ബെയ്ലിന്‍ ദാസ് തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളുകയായിരുന്നു. ഇതിനിടയില്‍ അറസ്റ്റിലായ ബെയ്‌ലിന്‍ ദാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

ബോധപൂര്‍വം ആക്രമണം നടത്തിയിട്ടില്ലെന്നാണ് ബെയിലിന്‍ ദാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞത്. അതേസമയം പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരിയായ അഡ്വ. ശ്യാമിലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സില്‍ സ്വമേധയാ നടപടിയെടുത്തിരുന്നു. കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി. കേരള ബാര്‍ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നാണ് നടപടി. ഇത് വ്യക്തമാക്കി അഭിഭാഷകന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

SCROLL FOR NEXT