NEWSROOM

സിഖ് വിരുദ്ധ കലാപക്കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധി ഫെബ്രവരി 18ന്

1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ഡൽഹിയിലെ സരസ്വതി വിഹാറിൽ അച്ഛനെയും മകനെയും കൊന്നകേസിലാണ് സജ്ജനെതിരെ വിധി പുറപ്പെടുവിച്ചത്

Author : ന്യൂസ് ഡെസ്ക്


സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഒരുകേസിൽ കൂടി മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി. 1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ഡൽഹിയിലെ സരസ്വതി വിഹാറിൽ അച്ഛനെയും മകനെയും കൊന്നകേസിലാണ് റൗസ് അവന്യൂ കോടതി സജ്ജനെതിരെ വിധി പുറപ്പെടുവിച്ചത്. ഫെബ്രവരി 18ന് ശിക്ഷ വിധിക്കുമെന്നും കോടതി അറിയിച്ചു.

തിഹാര്‍ ജയിലിലായിരുന്ന സജ്ജന്‍ കുമാറിനെ വിധി പ്രസ്താവിക്കുന്നതിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയിരുന്നു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് മറ്റൊരു കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് സജ്ജൻ കുമാ‍ർ. വിധി സ്വാ​ഗതാർഹമാണെന്നും, കടുത്തശിക്ഷ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഡൽഹി ഗുരുദ്വാര കമ്മിറ്റി പ്രതികരിച്ചു.

1984 നവംബർ 1 നാണ് പഞ്ചാബ് സ്വദേശികളായ ജസ്വന്ത് സിങ്, മകൻ തരുൺദീപ് സിങ് എന്നിവർ കൊല്ലപ്പെട്ടത്. ജസ്വന്ത് സിംഗിന്റെ ഭാര്യയാണ് ഭർത്താവിനെയും മകനെയും കൊലപ്പെടുത്തിയതിന് കുമാറിനെതിരെ പരാതി നൽകിയത്. തുടക്കത്തില്‍ പഞ്ചാബി ഭാഗ് പൊലീസ് സ്‌റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. സജ്ജന്‍ കുമാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത് 2021 ഡിസംബര്‍ 16-നാണ്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് സിഖ് വിരുദ്ധകലാപം നടന്നത്. ഇതിന്റെ ഭാ​ഗമായി സിഖുകാരുടെ സ്വത്തുവകകള്‍ വന്‍ തോതില്‍ കൊള്ള നടത്തുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ജസ്വന്ത് സിങും മകനും കൊല്ലപ്പെട്ടത്. അക്രമികള്‍ ഇവരുടെ വീട് കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തിരുന്നു. ഈ കലാപത്തില്‍ സജ്ജന്‍ കുമാര്‍ ഭാഗമാവുക മാത്രമല്ല അവര്‍ക്ക് നേതൃത്വം നൽകിയെന്നും കണ്ടെത്തിയിരുന്നു.

ആരാണ് സജ്ജൻ കുമാർ?

ഔട്ടർ ഡൽഹി നിയോജകമണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപിയായിരുന്നു സജ്ജൻ കുമാർ. മൂന്ന് തവണയാണ് മണ്ഡലത്തിൽ നിന്നും സജ്ജൻ കുമാർ ലോക്സഭയിൽ എത്തിയത്. 2018 ഡിസംബറിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ​ഇതോടെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സജ്ജൻ കുമാർ രാജിവച്ചു.

SCROLL FOR NEXT