NEWSROOM

കാനഡയിൽ ലൈം​ഗികാതിക്രമ ഇരകൾക്ക് കാത്തോലിക്ക സഭ 76 മില്ല്യൺ ഡോളർ നൽകണമെന്ന് കോടതി

1940ൽ ആരംഭിച്ച അനാഥനാലയത്തിലെ പുരോഹിതന്മാരും മറ്റ് പള്ളി അധികാരികളുമാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നും, അത് കാലങ്ങളായി തുടർന്നിരുന്നു എന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്.

Author : ന്യൂസ് ഡെസ്ക്

കിഴക്കൻ കാനഡയിൽ ലൈംഗികാതിക്രമത്തിന് ഇരയായ നൂറുകണക്കിന് ആളുകൾക്ക് കത്തോലിക്കാ സഭ 76 മില്ല്യൺ കനേഡിയൻ ഡോളർ നൽകണമെന്ന് കോടതി. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇതേക്കുറിച്ച് പറയുന്നത്. 2020ൽ ന്യൂഫൗണ്ട്‌ലാൻഡിലെയും ലാബ്രഡോർ പ്രവിശ്യയിലെയും, ഇപ്പോൾ പ്രവർത്തനരഹിതമായ ആൺകുട്ടികളുടെ അനാഥാലയമായ മൗണ്ട് കാഷെൽ ഓർഫനേജിലുമുണ്ടായ ലൈംഗികാതിക്രമങ്ങൾക്ക്  സെൻ്റ് ജോൺ അതിരൂപത ഉത്തരവാദിയാണെന്ന് കണ്ടെത്തി.

1940ൽ ആരംഭിച്ച അനാഥനാലയത്തിലെ പുരോഹിതന്മാരും മറ്റ് പള്ളി അധികാരികളുമാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നും, അത് കാലങ്ങളായി തുടർന്നിരുന്നു എന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. എഎഫ്പി റിപ്പോ‍ർട്ട് പ്രകാരം, 292 ഇരകൾക്ക് 55000 മുതൽ 850000 കനേഡിയൻ ഡോളർ വരെയുള്ള തുക ലഭിക്കും. ഓരോ ഇരകൾക്കും ലഭിക്കേണ്ട തുക കൃത്യമായി നിർണ്ണയിക്കുന്നതിനായി അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ്ങിനെ ഇടനിലക്കാരായി നിയോഗിച്ചിട്ടുണ്ട്.

ഈ തുക മറ്റ് കോടതികളിൽ നിന്നുള്ള നഷ്ടപരിഹാരത്തിന് സമാനമാണെന്നാണ് ഇരകളുടെ അഭിഭാഷകരിലൊരാളായ ജെഫ് ബുഡൻ ഇതേക്കുറിച്ച് പറഞ്ഞത്. പ്രശ്നത്തിൻ്റെ വ്യാപ്തി എത്രത്തോളമാണെന്നും, എത്രത്തോളം ദുരുപയോഗം നടന്നിട്ടുണ്ടെന്നും ആളുകൾക്ക് ശരിക്കും മനസ്സിലായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 2021ൽ സെൻ്റ് ജോൺ അതിരൂപത പാപ്പരായി പ്രഖ്യാപിച്ചുവെങ്കിലും, അധീനതയിലുള്ള കെട്ടിടങ്ങൾ വിറ്റ് 40 മില്ല്യൺ കനേഡിയൻ ഡോളർ സമാഹരിച്ചിരുന്നു. ഇരകൾക്ക് കോടതി വിധിച്ച മുഴുവൻ തുകയും ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് ബുഡൻ പറഞ്ഞു. അതിരൂപതയുടെ ഇൻഷുറൻസ് ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള ആസ്തികൾ ഇനിയും പ്രോസസ്സ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT