NEWSROOM

മേയറുമായുള്ള തർക്കം: യദുവിൻ്റെ ഹർജി തള്ളി, അന്വേഷണ സംഘത്തിന് നിര്‍ദേശങ്ങളുമായി കോടതി

കേസ് അന്വേഷണത്തിൽ കാലതാമസം പാടില്ലെന്നും, മേയർ ആര്യ രാജേന്ദ്രൻ്റെയും സച്ചിൻദേവ് എംഎൽഎയുടേയും സ്വാധീനം അന്വേഷണത്തിൽ ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദു സമർപ്പിച്ച ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കോടതി തള്ളി. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കെഎസ്ആ‌ർടിസി ഡ്രൈവർ യദു നൽകിയ ഹർജിയാണ് തള്ളിയത്. ഇതോടെ ആര്യ രാജേന്ദ്രന് എതിരെ കോടതി മേൽ നോട്ടത്തിൽ അന്വേഷണം ഉണ്ടാകില്ല.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും യദു ആവശ്യപ്പെട്ടിരുന്നു. ഹർജി തള്ളിയതോടെ ഈ ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല. യദുവിൻ്റെ ഹര്‍ജി കോടതി തള്ളിയെങ്കിലും അന്വേഷണ സംഘത്തിന് ചില നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.


സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കണം, ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത്, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍. മേയർ ആര്യ രാജേന്ദ്രൻ്റെയും സച്ചിൻദേവ് എംഎൽഎയുടേയും സ്വാധീനം അന്വേഷണത്തിൽ ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് യദുവും അഭിഭാഷകനും കോടതിയെ അറിയിച്ചു.

കേസ് ശരിയായ ദിശയിൽ മുന്നോട്ട് പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നാണ് കെഎസ്ആർടിസിയിലെ ഡ്രൈവറായിരുന്ന യദു ആവശ്യപ്പെട്ടത്. മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിരുന്നു.

SCROLL FOR NEXT