ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ 
NEWSROOM

എൻ.എം. വിജയൻ്റെ മരണം: ഐ.സി ബാലകൃഷ്ണൻ്റെയും എൻ.ഡി അപ്പച്ചൻ്റെയും അറസ്റ്റ് തടഞ്ഞ് കോടതി

ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി വാക്കാൽ നിർദേശിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും മകന്റെയും മരണത്തിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി വാക്കാൽ നിർദേശിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കിയത്. പ്രതിചേർക്കപ്പെട്ട കെ.കെ. ഗോപിനാഥൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയേയും സമീപിച്ചിരുന്നു.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് മൂവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ മൂവരുടേയും ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. കേസിൽ വിജിലൻസ് കൂടുതൽ പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തത്.

എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. വിജയൻ്റെ ഫോൺ രേഖകളും പരിശോധിച്ചതിനുശേഷമായിരുന്നു പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. സംഭവത്തിൽ കെപിസിസി നേതൃത്വം ഉൾപ്പെടെ പ്രതിരോധത്തിലാവും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഎം ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം കുറ്റക്കാരാണെങ്കിൽ ശിക്ഷിച്ചോട്ടെയെന്നായിരുന്നു ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ്റെ ആദ്യ പ്രതികരണം. നീതിക്ക് മുന്നിൽ എന്നും ഉണ്ടാകുമെന്നും, ഏത് അന്വേഷണത്തോടും സഹരിക്കുമെന്നും എൻ.ഡി.അപ്പച്ചൻ പറഞ്ഞിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രസിഡൻ്റിൻ്റെ ആരോപണം.

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

SCROLL FOR NEXT