കോവിഡ് കാരണം ഓരോ ആഴ്ചയും ലോകത്താകെ 1,700 ഓളം പേർ മരിക്കുന്നതായി ലോകാരോഗ്യ സംഘടന. അപകട സാധ്യതയുള്ളതിനാൽ രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടതായും WHO അറിയിച്ചു. കോവിഡ് ആഗോള സമ്പദ് വ്യവസ്ഥയെ ആകെ തകർത്തു. ആരോഗ്യ സംവിധാനങ്ങളേയും ഇത് കാര്യമായി ബാധിച്ചെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
വൈറസ് നിരീക്ഷണം ശക്തിപ്പെടുത്താനും നിലനിർത്താനും, മെച്ചപ്പെട്ട ചികിത്സകളും വാക്സിനുകളും നടപ്പിലാക്കണമെന്നും ആരോഗ്യ സംഘടന നിർദേശം നൽകി. 2019ലാണ് ചൈനയിലെ വുഹാനിൽ ആദ്യ കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് മനുഷ്യരാശിയുടെ ആരോഗ്യത്തിനു മാത്രമല്ല, തൊഴിലിടങ്ങളിലും കനത്ത വെല്ലുവിളികളാണ് ഉയർത്തിയത്. 2023ൽ കോവിഡിനെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായാണ് ലോകാരോഗ്യ സംഘടന അവതരിപ്പിച്ചത്.
സുസ്ഥിര വികസനം ലക്ഷ്യമിട്ട് കൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി വേളയിലാണ് കോവിഡ് മഹാമാരി ലോകത്തെ ബാധിക്കുന്നത്. 2030ഓടെ ലോക രാജ്യങ്ങളെയെല്ലാം വികസനത്തിൻ്റെ പാതയിലെത്തിച്ച് വലിയൊരു മുന്നേറ്റം പ്രതീക്ഷിച്ചിരിക്കുന്ന വേളയിലാണ് ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായത്.
2020ൽ പുറത്തുവിട്ട കണക്കനുസരിച്ച്, 71 ദശലക്ഷത്തോളം ആളുകളെ കടുത്ത ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. 1998ന് ശേഷം ആഗോള ദാരിദ്രത്തിന് ഏറ്റവും വർധനവ് രേഖപ്പെടുത്തിയത് കോവിഡ് കാലഘട്ടത്തിലാണെന്നാണ് കൺക്കുകൾ പറയുന്നത്. പ്രതിസന്ധി മൂലമുണ്ടാകുന്ന തൊഴിലില്ലായ്‌മ അനേകം പേരെയാണ് ബാധിച്ചത്.