NEWSROOM

പലസ്തീൻ ഐക്യദാർഢ്യ പരിപാടി; ആനി രാജയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്

അനുമതി ഇല്ലാതെയാണ് പരിപാടി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി

Author : ന്യൂസ് ഡെസ്ക്


ഡല്‍ഹിയില്‍ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയില്‍ പങ്കെടുത്ത സിപിഐ നേതാവ് ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗാസയില്‍ എത്രയുംവേഗം വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് സാമുഹ്യപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഇസ്രയേല്‍ എംബസിയിലേക്ക് നടത്തിയ മൗന ജാഥയ്ക്കിടെയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. പരിപാടിക്ക് പൊലീസിന്റെ അനുമതി ഇല്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ആനി രാജ, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രെസ് ഉള്‍പ്പെടെ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. നിലവിൽ മന്ദിർമാർഗ് സ്റ്റേഷനിലാണ് ആനി രാജ ഉള്‍പ്പെടെ നേതാക്കളുള്ളത്.

ഖാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് മൗന ജാഥ തുടങ്ങിയത്. ഇസ്രയേല്‍ എംബസിയിലേക്കുള്ള വഴിയില്‍, ജന്തര്‍ മന്ദറില്‍ ജാഥ തടഞ്ഞശേഷമായിരുന്നു പൊലീസ് നടപടി. അതേസമയം, സമാധാനപരമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് പ്രവര്‍ത്തകരെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുദ്രാവാക്യങ്ങള്‍ മുഴക്കാതെ, ബാനറുകളുമായാണ് പ്രതിഷേധം അറിയിച്ചത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പ്രവര്‍ത്തകര്‍ പ്രതികരിച്ചു. 

ഗാസയില്‍ എത്രയുംവേഗം വെടിനിര്‍ത്തല്‍ വേണം,  ഇസ്രയേലുമായുള്ള എല്ലാ ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം എന്നിങ്ങനെയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അനധികൃത അധിനിവേശത്തെ പിന്തുണയ്ക്കുന്ന കമ്പനികളും ഉൽപ്പന്നങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.

SCROLL FOR NEXT