കട്ടപ്പനയില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തിൽ എം.എം. മണിയുടെ പ്രസംഗം ആത്മഹത്യ ചെയ്ത ആളെയും കുടുംബത്തെയും വീണ്ടും കൊല്ലുന്നതാണെന്ന് സിപിഐ നേതാവ് കെ.കെ. ശിവരാമൻ. എം.എം. മണിയുടെ കട്ടപ്പന പ്രസംഗത്തിനെതിരെയായിരുന്നു ശിവരാമന്‍റെ വിമർശനം. ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ ചെന്ന പാവം നിക്ഷേപകനെ വിരട്ടുകയാണ്, ഇത് കേരളത്തിന് യോജിച്ചതാണോ എന്ന് സിപിഐ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ജീവനൊടുക്കിയ സാബുവിന് മാനസികാരോഗ്യ പ്രശ്‌നം ഉണ്ടെന്നല്ല, മറിച്ച് എന്തെങ്കിലും മാനസിക പ്രശ്‌നം അലട്ടിയിരുന്നോ എന്ന് പരിശോധിക്കണമെന്നാണ് പറഞ്ഞതെന്ന് എം.എം. മണി പറഞ്ഞു. സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും ആത്മഹത്യയുടെ പാപഭാരം സിപിഎമ്മിൻ്റെ തലയിൽ വയ്‌ക്കേണ്ടെന്നുമായിരുന്നു മണിയുടെ പ്രസംഗം.
ഈ മാസം 20നാണ് കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു തോമസ്, റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപില്‍ ജീവനൊടുക്കിയത്. സിപിഎം ഭരിക്കുന്ന ബാങ്കിൽ, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സാബുവിന് തുക നൽകാൻ അധികൃതർ തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സാബുവിനെ മുൻ ബാങ്ക് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മുൻ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയും കൂടിയായ വി.ആർ. സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.
Also Read: നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: സാബുവിന് മാനസികാരോഗ്യ പ്രശ്‌നം ഉണ്ടെന്നല്ല പറഞ്ഞത്: എം. എം. മണി
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
ഒരാൾ തന്റെ ജീവിതം കൊണ്ടുണ്ടാക്കിയ മുഴുവൻ പണവും, താൻ ജീവന് തുല്യം സ്നേഹിച്ച പ്രസ്ഥാനം നിയന്ത്രിക്കുന്ന സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നു. ആവശ്യങ്ങൾ വരുമ്പോൾ തിരിച്ചെടുക്കുന്നതിനാണല്ലോ ഇങ്ങനെ നിക്ഷേപിക്കുന്നത്. ബാങ്ക് ഭരണ സമിതിയുടെയും, ഭരണ സമിതി നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പക്വത ഇല്ലാത്ത പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത് ,ബാങ്കിൽ പണമില്ലെങ്കിൽ അത് സാവധാനം പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്.പകരം ഭീഷണിയാണ് നിക്ഷേപകരോട് പ്രയോഗിക്കുന്നത്. " നിനക്ക് പണിയറിയില്ല, നിന്നെ പണി ഞാൻ പഠിപ്പിക്കാം,നീ അടികൊള്ളേണ്ട സമയം കഴിഞ്ഞു " എന്നാണ് ഒരു നേതാവ് പറയുന്നത്. ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ ചെന്ന പാവം നിക്ഷേപകനെ വിരട്ടുകയാണ്,ഇത് കേരളത്തിന് യോജിച്ചതാണോ എന്ന് അവർ ആലോചിക്കട്ടെ, ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കാൻ നടത്തിയ സമ്മേളനത്തിൽ പ്രിയപ്പെട്ട ആശാൻ നടത്തിയ പ്രസംഗം ആത്മഹത്യ നടത്തിയ ആളെയും, ആ കുടുംബത്തെയും വീണ്ടും വീണ്ടും കൊല്ലുന്ന തരത്തിലാണ്. നിവിർത്തികേട്കൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണ്ടേ, മര്യാദകേടിനും ഒരു പരിധി ഉണ്ട്. സാബു തോമസ് ശവക്കല്ലറയിൽ ശാന്തമായി ഉറങ്ങട്ടെ,സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരത എങ്കിലും അവസാനിപ്പിക്കണം.ഇതെന്ത് രാഷ്ട്രീയമാണെന്ന് രാഷ്ട്രീയ യജമാനന്മാർ പറയട്ടെ.