എഡിഎമ്മിൻ്റെ മരണത്തിൽ അന്വേഷണം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് സി. ദിവാകരൻ. വിഷയം സർക്കാർ അഭിമാനപ്രശ്നമായി കാണണം. സർക്കാരിൽ വിശ്വാസമുണ്ടെന്നും സിപിഐ നേതാവ് പറഞ്ഞു. കണ്ണൂർ ജില്ലാ കളക്ടറുടെ ഇടപാടുകൾ സംശയകരമാണ്. സംശയകരമായി മറ്റ് ഒരുപാട് കാര്യങ്ങളും ഉണ്ട്. അന്വേഷണം ശക്തിപ്പെടുത്തണമെന്നും സി. ദിവാകരൻ കൂട്ടിച്ചേർത്തു.
ഈ മാസം 15 ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലേ ദിവസം കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.
ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്ന് പി.പി. ദിവ്യ വേദിയിൽ തുറന്നടിച്ചിരുന്നു. പിന്നാലെ നവീൻ ബാബുവിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തു. എഡിഎമ്മിൻ്റെ മരണം വിവാദമായതോടെ ദിവ്യയെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.