NEWSROOM

‘എല്ലാവരും വക്താക്കളാകേണ്ട'; പരസ്യ പ്രസ്താവനകളിൽ സിപിഐ സംസ്ഥാന നേതൃത്വത്തിൽ ഭിന്നത

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കടുത്ത നിലപാടെടുത്ത പ്രകാശ് ബാബുവിനെ എക്സിക്യൂട്ടീവ് യോഗം വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്

എഡിജിപിയെ മാറ്റുന്നത് അടക്കമുള്ള വിഷയങ്ങളിലെ പരസ്യപ്രസ്താവനകളിൽ സിപിഐ സംസ്ഥാന നേതൃത്വത്തിൽ ഭിന്നത. എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കടുത്ത നിലപാടെടുത്ത പ്രകാശ് ബാബു എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം നേരിട്ടു. പാർട്ടി സെക്രട്ടറിയെക്കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകിരിച്ചത്.

എഡിജിപിയെ മാറ്റുന്ന കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും ധാരണയായിരുന്നു. എന്നാല്‍, സെപ്റ്റംബർ 19ന് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനു ചേരാത്ത നടപടിയുടെ പേരിൽ അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്ന് ഉടൻ നീക്കണമെന്ന് കെ. പ്രകാശ് ബാബു കടുത്ത നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ തീരുമാനം എൽഡിഎഫ് അംഗീകരിച്ച ശേഷം സിപിഐ അഭിപ്രായം മാറ്റിയ പ്രതീതി ഇത് സൃഷ്ടിച്ചു. ഇതാണ് ബിനോയ്‌ വിശ്വത്തെ ചൊടിപ്പിച്ചത്.

Also Read: 'പാർട്ടിയുടെ നിലപാട് ആരു പറഞ്ഞാലും പാർട്ടി നിലപാട് തന്നെ'; ബിനോയ് വിശ്വം പാർട്ടിയിൽ ഒറ്റപ്പെട്ടിട്ടില്ലെന്നും കെ.രാജന്‍

ജനയു​ഗത്തിൽ ലേഖനമെഴുതിയത് സംസ്ഥാന സെക്രട്ടറിയോട് പറഞ്ഞതിന് ശേഷമാണെന്ന് പ്രകാശ് ബാബു നിർവാഹക സമിതി യോഗത്തിൽ പറഞ്ഞു. എന്നാൽ ‘എല്ലാവരും വക്താക്കളാകേണ്ട' എന്ന നിലപാടിലാണ് ബിനോയ് വിശ്വം സ്വീകരിച്ചത്.

അതേസമയം, സിപിഐ എക്സിക്യൂട്ടീവിൽ ഭിന്നതയില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. സിപിഐ എക്സിക്യൂട്ടീവോ കൗൺസിലോ ഭിന്നതയുടെ കേന്ദ്രമല്ലെന്നും മന്ത്രി പറഞ്ഞു.

Also Read: അന്നയുടെ മരണം നൊമ്പരമുണ്ടാക്കി, ഒരു ജനാധിപത്യ സർക്കാർ തൊഴിൽ സമയം എങ്ങനെ 14 മണിക്കൂറാക്കും: മുഖ്യമന്ത്രി

നേരത്തെ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ എംഎൽഎ മുകേഷിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് ആനി രാജ ഉൾപ്പടെയുള്ള നേതാക്കൾ നിരന്തരം ആവശ്യപ്പെട്ടപ്പോഴും, പാർട്ടി സെക്രട്ടറിയെടുത്ത നിസംഗ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതെല്ലാമായതോടെയാണ് സിപിഐക്ക് ഒരു നിലപാട് മതിയെന്ന നിലപാടിലേക്ക് ബിനോയ്‌ വിശ്വം എത്തിയത്.

SCROLL FOR NEXT