NEWSROOM

കേക്ക് വിവാദത്തിൽ നിന്ന് തടിയൂരാൻ സിപിഐ; രാഷ്ട്രീയ പക്വതയോടെ വിവാദം അവസാനിപ്പിക്കണമെന്ന് നിർദേശം

മുന്നണിയിൽ ഭിന്നത ഉണ്ടാക്കാനുള്ള എല്‍ഡിഎഫ് വിരുദ്ധരുടെ കെണിയില്‍ വീഴരുതെന്നും ആയതിനാൽ രാഷ്ട്രീയ പക്വതയോടെ ഈ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

തൃശൂർ മേയർ എം.കെ. വർഗീസിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കേക്ക് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സിപിഐ നേതൃത്വം. കേക്ക് വിവാദം അടഞ്ഞ അദ്ധ്യായമാണെന്നും, ഇതുമായി ബന്ധപ്പെട്ട് വിവാദം തുടര്‍ന്നുകൊണ്ടു പോകേണ്ടതില്ലെന്ന് സിപിഐ അറിയിച്ചു. മുന്നണിയിൽ ഭിന്നത ഉണ്ടാക്കാനുള്ള എല്‍ഡിഎഫ് വിരുദ്ധരുടെ കെണിയില്‍ വീഴരുതെന്നും ആയതിനാൽ രാഷ്ട്രീയ പക്വതയോടെ ഈ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.


ആഘോഷങ്ങളില്‍ പരസ്പരം ആശംസകള്‍ കൈമാറുന്നതും മധുരം പങ്കുവെയ്ക്കുന്നതും നമ്മുടെ നാട്ടില്‍ നിലവിലുള്ള സംസ്‌കാരമാണ്. എന്നാല്‍, ബിജെ പി ഇതിനെയെല്ലാം ഇപ്പോള്‍ രാഷ്ട്രീയ ലാക്കോടുകൂടിയാണ് ഉപയോഗിക്കുന്നതെന്ന് എല്ലാവരും തിരിച്ചറിയണമെന്നും നേതൃത്വം വ്യക്തമാക്കി. സുനില്‍കുമാറിൻ്റെ കാലത്ത് വികസനം ഉണ്ടായിട്ടില്ല എന്ന് മേയര്‍ പറഞ്ഞത് തെറ്റാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ 9 വര്‍ഷമായി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. തൃശൂർ കോർപ്പറേഷനിലെ വികസനം ഒരാളുടെ മാത്രം നേട്ടമല്ലെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും സിപിഐ അറിയിച്ചു.

ക്രിസ്മസ് ദിനത്തില്‍ തൃശൂർ മേയറുടെ വസതിയിലെത്തി സുരേന്ദ്രന്‍ കേക്ക് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. മേയർ കേക്ക് വാങ്ങിയത് നിഷ്കളങ്കമായി ചെയ്തതായി കാണാൻ കഴിയില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ആളാണ് മേയർ എന്നുമായിരുന്നു സുനില്‍കുമാറിന്‍റെ പ്രതികരണം. മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയും ആണെന്നും എൽഡിഎഫ് ചെലവിൽ അത് വേണ്ടെന്നും സിപിഐ നേതാവ് പറഞ്ഞിരുന്നു.


സ്നേഹം പങ്കിടാൻ ഒരു കേക്ക് കൊണ്ട് വരുമ്പോൾ വീട്ടിലേക്ക് കയറരുത് എന്ന് തനിക്ക് പറയാൻ ആവില്ലെന്നായിരുന്നു സുനില്‍കുമാറിനോടുള്ള മേയറുടെ മറുപടി. എന്നാൽ സുനില്‍ കുമാറിന് തന്നോട് കണ്ണുകടിയാണെന്നും, തൃശൂരില്‍ വികസനം കൊണ്ടുവരുന്നത് സുനില്‍കുമാറിന് താല്പര്യമില്ലെന്നുമായിരുന്നു മേയർ എം.കെ. വർഗീസിൻ്റെ പ്രതികരണം. എന്നും ജയിച്ചു കൊണ്ടിരുന്ന ആള്‍ തോറ്റപ്പോള്‍ അത് ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്‌ക്കേണ്ട എന്ന് സുനിലിന് തോന്നിയിട്ടുണ്ടാകും. ഇടതുപക്ഷം ഇനിയും അധികാരത്തില്‍ വരണം എന്ന് താല്‍പര്യപ്പെടുന്ന ആളാണ് ഞാനെന്നും വര്‍ഗീസ് പറഞ്ഞു.



ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് പരാജയപ്പെട്ടതിന്‍റെ 'ചൊരുക്ക്' തീർന്നിട്ടില്ലെന്നാണ് വി. എസ് സുനിൽകുമാറിന്‍റെ പ്രതികരണം കാണുമ്പോള്‍ തോന്നുന്നതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ്റെ പ്രതികരണം. സുനിൽ കുമാറിൻ്റെ അന്തിക്കാട്ടെ വസതിയിൽ പോയിട്ടുണ്ടെന്നും അദ്ദേഹം സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

SCROLL FOR NEXT