വയനാട്- മുണ്ടക്കൈ ചൂരൽമല പുനരധിവാസ പട്ടികയിൽ അപാകതയുണ്ടെന്ന് ആരോപണവുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ. ജെ. ബാബു. പട്ടിക തയ്യാറാക്കിയത് ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ്. അവർ ദുരന്തബാധിതരുടെ ആക്ഷേപങ്ങൾ കേൾക്കണമെന്നും ഇ.ജെ. ബാബു ആവശ്യപ്പെട്ടു. വീട് നൽകുന്നതിന് പ്രത്യേക മാനദണ്ഡം പറഞ്ഞിട്ടില്ല. എന്നിട്ടും നിരവധി പേരെ ഒഴിവാക്കിയാണ് ദുരന്ത നിവാരണ അതോറിറ്റി ലിസ്റ്റ് പുറത്തിറക്കിയത്. ഷൈജ ബേബി അടക്കമുള്ള ദുരന്തബാധിതരെ പലരെയും ഉൾപ്പെടുത്തിയില്ലെന്നും, നിരവധി ദുരന്തബാധിതരെ ഉൾപ്പെടുത്താനുണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഇക്കാര്യം റവന്യു മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ബാബു കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായെന്ന വാർത്ത പുറത്തുവന്നിരുന്നു. ദുരന്തബാധിതരായ 81 കുടുംബങ്ങളെയാണ് കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.10-ാം വാർഡിൽ 42 കുടുംബങ്ങളും, 11-ാം വാർഡിൽ 29, 12-ാം വാർഡിൽ പത്തും കുടുംബങ്ങളാണ് രണ്ടാം ഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കരട് പട്ടികയുടെ മേലുള്ള പരാതികളും ആക്ഷേപങ്ങളും മാർച്ച് ഏഴ് വരെ നൽകാമെന്നും അറിയിച്ചിട്ടുണ്ട്.
വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ തീരുമാനം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പ് കൽപ്പറ്റ എൽസ്റ്റോൺ എസ്‌റ്റേറ്റിലാണ് സജ്ജമാകുക. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്ന നിർദേശം.
2024 ജൂൺ 30ന് പുലർച്ചയോടെയാണ് വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല-മുണ്ടക്കൈ-പുഞ്ചരിമട്ടം എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തിയിരിക്കുന്നത്. 231 മൃതദേഹങ്ങളും 222 ശരീര ഭാഗങ്ങളും ദുരന്ത മേഖലയിൽ നിന്നും മലപ്പുറം ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു. 17 കുടുംബങ്ങളിൽ ആകെയുണ്ടായിരുന്ന 58 ആളുകളും കൊല്ലപ്പെട്ടു. 6 കുട്ടികൾ ഉൾപ്പെടെ 21ഓളം പേർ അനാഥരാകുകയും ചെയ്തു.