കണ്ണൂരിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെ പ്രകോപന പ്രസംഗം നടത്തി സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ്. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷ് പി. ആറിനെതിരെയാണ് പി.വി. ഗോപിനാഥിൻ്റെ പ്രകോപന പ്രസംഗം. സനീഷിന്റെ അച്ഛൻ വിചാരിച്ചിട്ടും മലപ്പട്ടത്ത് കോൺഗ്രസ് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. സനീഷിനെ നിലയ്ക്ക് നിർത്താൻ ബാലസംഘം മതിയെന്നുമായിരുന്നു പി.വി. ഗോപിനാഥിൻ്റെ പ്രസംഗം.
ഗാന്ധി സ്തൂപം ഉണ്ടാക്കാൻ സനീഷ് മെനക്കെടേണ്ട. സനീഷിന്റെ വീട്ടിന്റെ അടുക്കളയിൽ പോലും ഗാന്ധിസ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ല. മലപ്പട്ടത്ത് നടന്ന സിപിഐഎം യോഗത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി. ഗോപിനാഥിന്റെ പ്രസംഗം.
അതേസമയം, മലപ്പട്ടത്തെ സംഘർഷത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഐഎമ്മും കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. ഗാന്ധി സ്തൂപം തകർത്തത് ഉൾപ്പടെ പ്രകോപനമുണ്ടാക്കിയത് സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ പദയാത്രയുടെ മറവിൽ യൂത്ത് കോൺഗ്രസ് ആസൂത്രിതമായി സംഘർഷമുണ്ടാക്കിയെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.
സിപിഐഎം ശക്തി കേന്ദ്രമായ മലപ്പട്ടത്ത് മറ്റ് പാർട്ടികളുടെ പ്രവർത്തന സ്വാതന്ത്ര്യം CPIM തടയുകയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. ഗാന്ധി സ്തൂപം തകർത്തതും, പദയാത്ര ആക്രമിച്ചതും ഇതിന്റെ ഭാഗമായാണെന്ന് പറഞ്ഞ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മലപ്പട്ടത്തിന് എന്താണ് പ്രത്യേകതയെന്നും ചോദിച്ചിരുന്നു.