കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട മലയാളി റാപ്പർ വേടനെ പരോക്ഷമായി വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലഹരി പ്രതിഭയ്ക്ക് പ്രചോദനം നൽകുന്നില്ലെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു എം.എ. ബേബിയുടെ വിമർശനം. ബോബ് മാർലിയുടെ പാട്ടും പാൻ ആഫ്രിക്കൻ രാഷ്ട്രീയവും ഇഷ്ടമാണ്. എന്നാൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് അത് ന്യായീകരണമല്ലെന്നും അത് മനുഷ്യനെ കൊല്ലുമെന്നും എം.എ. ബേബി ഫേസ്ബുക്കിൽ കുറിച്ചു.
ലഹരി- പുലിപ്പല്ല് കേസുകളിൽ പിടിക്കപ്പെട്ടതിനു പിന്നാലെ റാപ്പർ വേടന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുടെ ഒഴുക്കാണ്. സാമൂഹിക പ്രവർത്തകരും ദലിത് ആക്ടിവിസ്റ്റുകളും ഉൾപ്പെടെ നിരവധി പേർ വേടൻ്റെ രാഷ്ട്രീയത്തിന് പിന്തുണ അറിയിച്ചെത്തി. വേടൻ്റെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്നാണ് ഗീവർഗീസ് മാർ കൂറിലോസ് പ്രതികരിച്ചത്. വേടനൊപ്പമെന്ന് നടി ലാലിയും വേടൻ ഇവിടെ വേണമെന്ന് ഗായകൻ ഷഹബാസ് അമനും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഫ്ലാറ്റിൽ നിന്ന് അഞ്ച് ഗ്രം കഞ്ചാവ് പിടിച്ച കേസിൽ വേടനെയും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിച്ചെന്നായിരുന്നു എഫ്ഐആർ. കേസിൽ രണ്ടാം പ്രതിയാണ് വേടൻ. എന്നാൽ ഫ്ലാറ്റിൽ നിന്നും പിടിച്ച കഞ്ചാവിന്റെ അളവ് കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇതിനു പിന്നാലെയാണ് വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. വേടൻ ധരിച്ചിരുന്ന മാലയിലുണ്ടായിരുന്നത് പുലിപ്പല്ലാണ് എന്ന് കാട്ടിയായിരുന്നു നടപടി. മൃഗവേട്ടയടക്കം ഒൻപത് ഗുരുതര വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. അധീഷ് കേസെടുത്തത്. തുടർന്ന് കോടതിയിൽ ഹജരാക്കിയ വേടനെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
എം.എ. ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല. അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്.
റെഗ്ഗി സംഗീതത്തിൻറെ ആചാര്യൻ ജമയ്ക്കക്കാരനായ കറുത്ത പാട്ടുകാരൻ ബോബ് മാർലിയെ കഞ്ചാവ് കൈവശം വച്ചിതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് മാർലിയുടെ പാട്ടും ഇഷ്ടമാണ്, പാൻ ആഫ്രിക്കൻ രാഷ്ട്രീയവും ഇഷ്ടമാണ്. പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ല.