NEWSROOM

കരുവന്നൂർ കേസുമായി സിപിഐഎമ്മിന് ബന്ധമില്ല, ആ പണം ഉപയോഗിച്ച് ഒരു പാർട്ടി ഓഫീസും നിർമിച്ചിട്ടില്ല: എ.സി. മൊയ്തീൻ

ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റപത്രം കൊടുത്തത് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അതിൻ്റെ വിശദാംശങ്ങൾ അറിവായിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


കരുവന്നൂർ കേസിൽ പാർട്ടിയെ തന്നെ പ്രതിയാക്കുന്ന ഇ.ഡി. നടപടിയെക്കുറിച്ച് ജനങ്ങൾ മനസിലാക്കണമെന്നും, അവർ എങ്ങനെയാണ് കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് രാജ്യവും കേരളവും കണ്ടതാണെന്നും സിപിഎമ്മിലെ മുതിർന്ന നേതാവും കേസിൽ പ്രതിയുമായ എ.സി. മൊയ്തീൻ. ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റപത്രം കൊടുത്തത് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അതിൻ്റെ വിശദാംശങ്ങൾ അറിവായിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.



ഇ.ഡി എങ്ങനെയാണ് കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് രാജ്യവും കേരളവും കണ്ടതാണെന്നും ഇ.ഡി കേന്ദ്രത്തിലെ ഭരണകക്ഷി താത്പര്യം സംരക്ഷിക്കാൻ ഉണ്ടാക്കിയ സംവിധാനമാണെന്നും എ.സി. മൊയ്തീൻ വിമർശിച്ചു. "നിരവധി കോടതി വിധികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കരുവന്നൂർ കേസിൽ പാർട്ടിക്ക് ബന്ധമില്ല. ബാങ്കിൽ പ്രശ്നങ്ങൾ ഉണ്ടായി എന്ന് ഞങ്ങൾ സമ്മതിച്ച കാര്യമാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചതാണ്. ഇപ്പോൾ ഉണ്ടായ ഇ.ഡി. നടപടികൾ പ്രതികാര നടപടികളുടെ ഭാഗമാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. രാഷ്ട്രീയമായ താത്പര്യത്തോടെയാണ് അവർ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്," എ.സി. മൊയ്തീൻ വിശദീകരിച്ചു.



"താൻ ഒരാൾക്കും ലോൺ കൊടുക്കാനോ ഒരാളോടും തിരിച്ചടയ്ക്കാനോ ആവശ്യപ്പെട്ടിട്ടില്ല. ഇതിൽ പ്രതികളായ സിപിഐഎം പ്രവർത്തകർക്കെതിരെ എല്ലാ നടപടികളും പാർട്ടി സ്വീകരിച്ചിട്ടുണ്ട്. പാർട്ടിയെ തന്നെ പ്രതിയാക്കുന്ന നടപടിയെ കുറിച്ച് ജനങ്ങൾ മനസിലാക്കണം. സിപിഐഎം ജനങ്ങളിൽ നിന്ന് പിരിച്ച് ഉപയോഗിക്കുന്ന പണത്തിന് എല്ലാ വർഷവും കൃത്യമായി കണക്ക് കൊടുക്കുന്നതാണ്," എ.സി. മൊയ്തീൻ പറഞ്ഞു.



"കരുവന്നൂർ പണം ഉപയോഗിച്ച് സിപിഐഎം ഒരു പാർട്ടി ഓഫീസും നിർമിച്ചിട്ടില്ല. തനിക്ക് റോഷനെയും നാരായണനെയും അറിയില്ല. രണ്ടാമത്തെ പേരുകാരനെ കുറിച്ച് ഒരു ചോദ്യവും ഇ.ഡി. ഉദ്യോഗസ്ഥർ മുൻപ് ചോദിച്ചിരുന്നു. ഞങ്ങളാരും ജയിൽ കാണാത്തവരല്ല, ഏത് കേസ് വന്നാലും നിയമപരമായും നേരിടും," എ.സി. മൊയ്തീൻ വ്യക്തമാക്കി.

SCROLL FOR NEXT