ജി. സുധാകരൻ 
NEWSROOM

നിയമനടപടികളെ ഭയക്കുന്നില്ല, കൊലക്കുറ്റം ഒന്നുമല്ലല്ലോ: ജി. സുധാകരന്‍

തപാൽ വോട്ടുകൾ പൊട്ടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ മൊഴിയെടുത്തതിനു പിന്നാലെയായിരുന്നു ജി. സുധാകരന്‍റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

തപാൽ വോട്ടുകൾ പൊട്ടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് ജി. സുധാകരൻ. നിയമനടപടികളെ ഭയക്കുന്നില്ലെന്നാണ് സിപിഐഎം നേതാവിന്റെ പ്രതികരണം. അഭിപ്രായത്തിൽ ഉറച്ചു നിൽക്കണോ എന്ന കാര്യം വ്യക്തമാക്കേണ്ടത് മാധ്യമങ്ങളോടല്ലെന്നും ജി. സുധാകരൻ പ്രതികരിച്ചു.


തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ടെന്ന് ജി. സുധാകരൻ അറിയിച്ചു. കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെന്തിനു താൻ ഭയക്കണമെന്നും സുധാകരൻ മാധ്യമങ്ങളോട് ചോദിച്ചു.

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാണുന്നത്. തപാൽ വോട്ടിൽ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്മേൽ എഫ്ഐആർ ഇട്ട് കേസ് എടുക്കണമെന്നാണ് ‌കമ്മീഷന്‍റെ നിർദേശം. വിശദമായ അന്വേഷണം നടത്തുവാനും വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിനും ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ നിർദേശം നൽകി. പിന്നാലെ, ഇലക്ഷൻ ഉദ്യോഗസ്ഥർ ജി. സുധാകരൻ്റെ മൊഴിയെടുത്തു. പറവൂരിലെ വീട്ടിലെത്തിയാണ് അമ്പലപ്പുഴ തഹസീൽദാർ കെ. അൻവറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൊഴിയെടുത്തത്.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ടെന്നായിരുന്നു മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി. സുധാകരന്റെ വെളിപ്പെടുത്തൽ. 1989ൽ കെ.വി. ദേവദാസ് മൽസരിച്ച തെരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു വെളിപ്പെടുത്തൽ. കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പ്രസം​ഗത്തിൽ പറയുന്നു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ സംഘടിപ്പിച്ച 'സമരക്കരുത്തിൽ ഓർമത്തിരകൾ പൂര്‍വകാല നേതൃസംഗമം', എന്ന പരിപാടിയിൽ സംസാരിക്കവേയായിരുന്നു വെളിപ്പെടുത്തൽ.

SCROLL FOR NEXT