മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍. വാർത്താസമ്മേളനത്തിനിടയില്‍ വിവരം അറിഞ്ഞ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ലോറന്‍സിന്‍റെ വിയോഗം വളരെ ദുഃഖകരമായ വാർത്തയാണെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണനും പറഞ്ഞു. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ അതിക്രൂരമായ മർദ്ദനം ഏറ്റുവാങ്ങിയ തടവിൽ കഴിയേണ്ടി വന്ന വിപ്ലവകാരിയെന്നാണ് ലോറന്‍സിനെ ടി.പി. വിശേഷിപ്പിച്ചത്. ഇടതുമുന്നണി കണ്‍വീനർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളി പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് സംഭവിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ള പറഞ്ഞു. 1960 മുതൽ തനിക്ക് പരിചയമുള്ള നേതാവാണ്. ജനകീയ വിഷയം ഏറ്റെടുക്കുന്നതിൽ അതിസമർത്ഥനായ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉജ്ജ്വലനായ നേതാവെന്നും എസ്ആർപി പറഞ്ഞു.
Also Read: മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു
കേരളത്തിന്‍റെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് എം.എം. ലോറന്‍സ് നൽകിയ അതുല്യമായ സംഭാവനകൾ എപ്പോഴും ഓർമിക്കപ്പെടുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പല പ്രതിസന്ധികളും വിജയകരമായി തരണം ചെയ്തു. കുടുംബത്തിന്‍റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ അറിയിച്ചു.
ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത നേതാവാണ് എം.എം. ലോറന്‍സ്. കേരളത്തില്‍ ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമം നേരിടേണ്ടി വന്ന നേതാക്കളില്‍ ഒരാളാണ് ലോറന്‍സ്. 1946ല്‍ പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1964ല്‍ സിപിഎം രൂപീകരിക്കുമ്പോള്‍ മുതല്‍ 34 വര്‍ഷം സംസ്ഥാന കമ്മിറ്റി അംഗമാണ്. 1967 മുതല്‍ 1978 വരെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു.