NEWSROOM

തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തറി; പാർട്ടി വിടുമെന്ന് മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി

തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയിയുമായുള്ള വിയോജിപ്പിനെ തുടർന്നാണ് മധു പാർട്ടി വിടാൻ തീരുമാനിച്ചത്. വിയോജിപ്പ് പരസ്യമാക്കി ഏരിയാ സമ്മേളനത്തിൽ നിന്നും മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു .

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തറി ശക്തമാകുന്നു. ഭിന്നതകളെത്തുടർന്ന് പാർട്ടി വിടുമെന്ന് മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ന്യൂസ് മലയാളത്തോട് പറഞ്ഞു. ബിജെപിയിലേക്കോ കോൺഗ്രസിലേക്കോ എന്ന് തീരുമാനിച്ചില്ലെന്നും മധു കൂട്ടിച്ചേർത്തു.


തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയിയുമായുള്ള വിയോജിപ്പിനെ തുടർന്നാണ് മധു പാർട്ടി വിടാൻ തീരുമാനിച്ചത്. വിയോജിപ്പ് പരസ്യമാക്കി ഏരിയാ സമ്മേളനത്തിൽ നിന്നും മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു . വി. ജോയി പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിക്കുന്നതായി മധു മുല്ലശ്ശേരി ആരോപിച്ചു. സിപിഎം ഏരിയാ സമ്മേളനങ്ങളിലെ തർക്കം തലസ്ഥാന നഗരത്തിലും പാർട്ടിക്ക് തലവേദനയാകുകയാണ്.

കഴിഞ്ഞ ദിവസം ആരംഭിച്ച മംഗലപുരം ഏരിയ സമ്മേളനത്തിലാണ് വലിയ തർക്കം ഉടലെടുത്തത്. രണ്ട് ടേം പൂർത്തിയാക്കിയ ഏരിയാസെക്രട്ടറി മധു മുല്ലശ്ശേരിയെ മാറ്റാൻ സമ്മേളനത്തിൽ തീരുമാനിച്ചു. ഇതിൽ അതൃപ്തിയറിയിച്ചും  ജില്ലാ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചും മധു മുല്ലശ്ശേരി സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി. തൊട്ടു പിന്നാലെ എം. ജലീലിനെ പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി വിടാനാണ് മധു മുല്ലശ്ശേരിയുടെ തിരുമാനം.

വി. ജോയി പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നതായും മധു മുല്ലശ്ശേരി ന്യൂസ് മലയാളത്തോട് പറഞ്ഞു. വി. ജോയിയുടെ പ്രവർത്തനത്തിനെതിരെ സംസ്ഥാന നേതൃത്വത്തെ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും മധു മുല്ലശ്ശേരി ആരോപിച്ചു. സിപിഎം വിട്ട മധു മുല്ലശ്ശേരിയുമായി ബിജെപി  കോൺഗ്രസ് ജില്ല നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.

SCROLL FOR NEXT