സിപിഐഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അംഗത്വം എടുക്കാന്‍ ധാരണയായതായി സൂചന. ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന നേതാക്കള്‍ മുല്ലശ്ശേരി മധുവിന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിക്കും.
ഏരിയ സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി എന്നടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മധു മുല്ലശ്ശേരി സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയത്. ഇനി സിപിഎമ്മിലേക്കില്ലെന്നും എന്നാല്‍ മറ്റൊരു പാര്‍ട്ടിക്കൊപ്പം പൊതു പ്രവര്‍ത്തനരംഗത്ത് തുടരും എന്നുമായിരുന്നു മധു മുല്ലശ്ശേരി പറഞ്ഞത്. മുസ്ലീം ലീഗും കോണ്‍ഗ്രസും ബിജെപിയും പി.വി. അന്‍വറിന്റെ ഡിഎംകെയുമടക്കം തന്നെ സമീപിച്ചിട്ടുണ്ടെന്നും ഏത് പാര്‍ട്ടിയിലേക്ക് ആണ് താന്‍ പോകുന്നതെന്ന് വൈകാതെ അറിയിക്കുമെന്നും മധു മുല്ലശ്ശേരി അറിയിച്ചിരുന്നു.
തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെയും മധു മുല്ലശ്ശേരി രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചിരുന്നു. മംഗലപുരത്ത് വലിയ വിഭാഗീയതയാണ് നിലനില്‍ക്കുന്നതെന്നും ജോയി ജില്ലാ പ്രസിഡന്റായതിന് ശേഷമാണ് ജില്ലയില്‍ ആകമാനം വലിയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ മധുവിന് മറുപടിയുമായി വി. ജോയി തന്നെ രംഗത്തെത്തിയിരുന്നു.
അസത്യങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിക്കെതിരെ അപവാദപ്രചരണങ്ങള്‍ അഴിച്ചുവിടുന്നുവെന്ന് ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു. ഉപരി കമ്മിറ്റികളുമായി ആലോചിച്ച് മധുവിന്റെ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും വി. ജോയ് പറഞ്ഞു.
ALSO READ: തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തറി; പാർട്ടി വിടുമെന്ന് മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി
വി. ജോയ്ക്ക് പിന്നാലെ മധുവിനെ തള്ളി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. സംഘടനാപരമായി തോല്‍വി നേരിടാനുള്ള കരുത്ത് മധുവിനില്ലെന്ന് കടകംപള്ളി വിമര്‍ശിച്ചു. മധുവിനെ എന്തിന് അനുനയിപ്പിക്കണം, മധു മറ്റ് പാര്‍ട്ടിയില്‍ പോയാല്‍ കൂടെ സ്വന്തം മകന് പോകുമോ എന്ന് സംശയമാണെന്ന് കടകംപള്ളി സുരേന്ദ്രനും ആഞ്ഞടിച്ചു.