വധശ്രമ കേസ് പ്രതിയുടെ സിപിഎം അംഗത്വത്തിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ശരിയുടെ പാതയിലേക്ക് വന്നവരാണ് അവരെന്നും, ആര് തെറ്റ് ചെയ്താലും സംരക്ഷിക്കപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. കുറ്റം ചെയ്യുന്നവർക്കെതിരെ കൃത്യമായ നടപടി ഉണ്ടാകും. നിയമസഭാംഗങ്ങൾക്ക് എതിരെ എത്രയോ വകുപ്പുകളിൽ എത്രയോ കേസുകൾ ചുമത്തിയിട്ടുണ്ട്. വിചാരണയ്ക്ക് എടുക്കാൻ പോകുന്ന എത്രയോ കേസുകളുണ്ട്. സിപിഎമ്മിലേക്ക് ചേർന്നവർ ബിജെപിയിലോ യുവമോർച്ചയിലോ ഉണ്ടായിരുന്നപ്പോൾ ആർക്കും പ്രശ്നമില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
"യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാരായ 400 പേർ വോട്ട് ചെയ്തു. വോട്ട് ചെയ്ത യുവമോർച്ചക്കാർ സിപിഎമ്മിൽ വന്നതിനെ കോൺഗ്രസ് ഭയക്കുന്നു. ഈ അന്ധാളിപ്പാണ് കോൺഗ്രസിന്. തൻ്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത് സത്യം പുറത്ത് വരും എന്ന ഭയത്താലാണ്. യുവമോർച്ച-യൂത്ത് കോൺഗ്രസ് ബാന്ധവം പുറത്ത് വരുമെന്ന ഭയം കോൺഗ്രസ് നേതൃത്വത്തിനുണ്ട്," വീണാ ജോർജ് പറഞ്ഞു.
അതേസമയം, സിപിഎമ്മിന്‍റെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത ഒളിവിലുള്ള വധശ്രമക്കേസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.