NEWSROOM

എഡിഎമ്മിൻ്റെ മരണം: ദിവ്യക്ക് ക്രിമിനൽ മനോഭാവമെന്ന് റിമാൻഡ് റിപ്പോർട്ട്, നടപടിയില്ലെന്ന് പാർട്ടി നേതൃത്വം

ജാമ്യം നൽകിയാൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചേക്കാമെന്നും റിപ്പോർട്ടിലുണ്ട്. ഈ കാര്യങ്ങൾ കൊണ്ടാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്

Author : ന്യൂസ് ഡെസ്ക്

ദിവ്യക്കെതിരായ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്നും ക്രിമിനൽ മനോഭാവമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതി ഉപഹാര വിതരണത്തിൽ പങ്കെടുക്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കളക്ടറും സംഘാടകരും ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും, കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി പ്രതി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും പരിപാടി ചിത്രീകരിക്കാൻ പ്രതി തന്നെയാണ് മാധ്യമ പ്രവർത്തകരെ ഏർപ്പാടാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പി.പി. ദിവ്യക്ക്  ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചേക്കാമെന്നും റിപ്പോർട്ടിലുണ്ട്. ഈ കാര്യങ്ങൾ കൊണ്ടാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഇതുവരെയും പരാതികളൊന്നും ലഭിച്ചിട്ടില്ല.


അതേസമയം, ദിവ്യക്കെതിരെയായ നടപടി ഉടൻ ഉണ്ടാകില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു. ഇന്ന് ചേർന്ന യോഗത്തിൽ ദിവ്യക്കെതിരെ നടപടിയൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും നേതൃത്വം അറിയിച്ചു. കൂടാതെ ദിവ്യ ഇന്ന് ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്. എഡിഎമ്മിൻ്റെ മരണത്തിൽ പ്രതികരണവുമായി കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ രംഗത്തെത്തിയിരുന്നു. വിധി പകർപ്പിലുള്ളത് മൊഴിയുടെ പൂർണ വിവരങ്ങൾ അല്ലെന്നും, അന്വേഷണം നടക്കുന്നതിനാൽ പരസ്യപ്രസ്താവനകൾ നടത്താൻ പറ്റില്ലെന്നുമായിരുന്നു കളക്‌ടറുടെ പ്രതികരണം.

ജാമ്യാപേക്ഷ തള്ളുന്നതില്‍ കളക്ടറുടെ മൊഴിയാണ് ദിവ്യക്ക് ഏറ്റവും തിരിച്ചടിയായത്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിന് എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളി. വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും, നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.


തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി.പി. ദിവ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നായിരുന്നു ദിവ്യയുടെ പ്രതികരണം.

എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത് പ്രശാന്തന്റെ പരാതിയെ തുടര്‍ന്നാണെന്നും പ്രശാന്തൻ്റെ മൊഴി പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ലെന്നും ദിവ്യ ആരോപിച്ചു. കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യ ഹര്‍ജിയിലാണ് പൊലീസിനെതിരായ ദിവ്യയുടെ ആരോപണം. കേസില്‍ പ്രത്യേക അന്വേഷണ സംഘം നവീന്‍ ബാബുവിന്റെ കുടുംബത്തിൻ്റെ മൊഴിയെടുക്കും. പ്രശാന്തിനെ പ്രതി ചേര്‍ക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യവും പരിശോധിക്കും. ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.

SCROLL FOR NEXT