മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിലമ്പൂർ എംഎല്‍എ പി.വി. അൻവറിന്‍റെ പരാതിയിൽ ശശിക്കെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്നാണ് പാർട്ടി സെക്രട്ടേറിയറ്റ് തീരുമാനം. സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നത് കൊണ്ട് പാർട്ടി കമ്മീഷനെ വച്ച് ശശിക്കെതിരെയുള്ള പരാതി അന്വേഷിക്കില്ല. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വന്നശേഷം തീരുമാനമെടുക്കാമെന്നാണ് സിപിഎം നിലപാട്.
പി. ശശിയെ പിന്തുണയ്ക്കുന്ന നിലപാടാണ് നേരത്തെ മുഖ്യമന്ത്രിയും സ്വീകരിച്ചത്. ഈ സർക്കാരിൻ്റെ നിയമപരമായ കാര്യങ്ങൾ ചെയ്യാനാണ് പി. ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയോഗിച്ചിരിക്കുന്നതെന്നും അൻവറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി സ്വീകരിച്ച് നടപടിയെടുക്കാനല്ലായെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ശശിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പി.വി. അൻവർ എന്തൊക്കെയോ കാര്യങ്ങൾക്കായി പി. ശശിയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടാകാം. അതിന് വഴങ്ങാത്തതിൻ്റെ പേരിലാകാം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
അതേസമയം, ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ. അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയില്‍ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു . ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണ ചുമതല. കൂടിക്കാഴ്ച എന്തിന്, ആരുടെ നിർദേശ പ്രകാരം നടത്തി എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപിക്ക് നല്‍കിയിരിക്കുന്ന നിർദേശം.
Also Read: തൃശൂർ പൂരം വിവാദം: അന്വേഷണം ഇഴഞ്ഞുനീങ്ങി, അടുത്ത പൂരത്തിന് മുന്‍പ് വ്യക്തത വേണം: വി.എസ്. സുനില്‍കുമാർ
ആർഎസ്എസ് നേതാവ് റാം മാധവുമായി കോവളത്തുവച്ചു നടത്തിയ കൂടിക്കാഴ്ചയും, ദത്താത്രേ ഹൊസബല്ലെയുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് അന്വേഷിക്കുന്നത്. ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി നടത്തിയത് സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് എഡിജിപി നൽകിയിരുന്ന വിശദീകരണം.
തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകി എഡിജിപി രംഗത്തെത്തിയത്.
Also Read: എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രി? അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ്
സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ അടങ്ങിയിട്ടില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എഡിജിപി-ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ആരോപിച്ചു. യഥാർഥ പ്രതി തന്നെയാണ് കേസ് അന്വേഷിച്ചതെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു.