NEWSROOM

അന്‍വറിനെതിരായ കൊലവിളി മുദ്രാവാക്യം: നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

കൊലവിളി പ്രസംഗത്തെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

പി.വി. അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച നിലമ്പൂരിലെ സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അൻവറിനെതിരെ നടന്ന സിപിഎം പ്രകടനത്തിലായിരുന്നു മുദ്രാവാക്യം. നൂറോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. നിലമ്പൂര്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ടൗണിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു. 'ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും', 'പൊന്നേയെന്ന് വിളിച്ച നാവില്‍ പോടായെന്ന് വിളിക്കാനറിയാം' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ ഉയര്‍ന്നത്. നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തില്‍ ഇരുന്നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. അന്‍വറിന്‍റെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു.

പി.വി. അന്‍വറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രഖ്യാപിച്ചിരുന്നു. അന്‍വറിന്‍റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെയാണ്, നിലമ്പൂരില്‍ അന്‍വറിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കൊലവിളി പ്രസംഗത്തെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. കയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ല. ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

SCROLL FOR NEXT