NEWSROOM

BJPയും ആർഎസ്എസും മുനമ്പത്ത് വർഗീയ ചേരിതിരിവ് നടത്തി; വിലപ്പോയില്ലെന്നതിന് തെളിവാണ് വർഗീസ് ചക്കാലക്കലിൻ്റെ പ്രസ്താവന: എം. വി. ഗോവിന്ദൻ

മുനമ്പം വിഷയത്തിൽ വേഗത്തിൽ പരിഹാരം കാണുക എന്നതാണ് പാർട്ടിയും സർക്കാരും ഉദ്ദേശിക്കുന്നത് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


വർഗീസ് ചക്കാലക്കലിൻ്റെ പ്രസ്താവന സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ബിജെപിയും ആർഎസ്എസും ചേർന്ന് മുനമ്പത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ അത് വിലപ്പോയില്ലെന്നതിൻ്റെ തെളിവാണ് വർഗീസ് ചക്കാലക്കലിന്റെ പ്രസ്താവനയിൽ നിന്നും വ്യക്തമാകുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 



അവിടെ ജീവിക്കുന്നവർക്ക് പൂർണ സംരക്ഷണം ഒരുക്കണം എന്നുള്ളതാണ് സർക്കാരിൻ്റെ നിലപാട്. മുനമ്പം വിഷയത്തിൽ വേഗത്തിൽ പരിഹാരം കാണുക എന്നതാണ് പാർട്ടിയും സർക്കാരും ഉദ്ദേശിക്കുന്നത്. വർഗീയമായ ചേരിതിരിവ് ഇല്ലാതെ യോജിപ്പോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്‍റെ സമയം മാത്രമേ എടുക്കാൻ പാടുള്ളൂവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. 


വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് ഇപ്പോള്‍ മനസ്സിലായെന്നായിരുന്നു വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം. മുനമ്പം പ്രശ്നം പരിഹരിക്കപ്പെടണം. സർക്കാർ മനഃപൂർവ്വം വൈകിപ്പിക്കുന്നതായി കരുതുന്നില്ല. അത് സർക്കാറിൻ്റെ മൈലേജ് കൂട്ടുകയേ ഉള്ളൂ. കോടതിക്കപ്പുറം എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് നോക്കണം. കോടതി ഇടപെട്ടതിനാൽ കോടതി വിധി തന്നെയാകും അന്തിമമെന്നുമായിരുന്നു വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം.



ഡൽഹിയിൽ ദുഃഖവെള്ളി, ഈസ്റ്റർ ആഘോഷങ്ങൾക്ക് അനുമതി നിഷേധിച്ചത് നാം കണ്ടു. കേരളത്തിൻ്റെ സവിശേഷ സാഹചര്യങ്ങൾ കൊണ്ടു മാത്രമാണ് ഇവിടെ ബിജെപി അതിനെ എതിർക്കാത്തത്. രാഷ്ട്രീയ താൽപര്യങ്ങൾ ലക്ഷ്യം വച്ചാണ് ഇവിടത്തെ നിലപാട് എന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT