കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പരോക്ഷ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പൊതു ഇടത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യത വേണം, അത് സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടതെന്ന് താൻ പറയുന്നില്ലെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. താൻ ഇത് പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നു. അതേസമയം തൻ്റെ പ്രസ്താവന ആരേയും ഉദ്ദേശിച്ചല്ല, മറിച്ച് സമൂഹത്തെ ഉദ്ദേശിച്ചാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
നേരത്തെയും കാന്തപുരത്തിനെതിരെ പരോക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നുമായിരുന്നു ഗോവിന്ദൻ്റെ പരാമർശം.
മെക് സെവൻ വ്യായാമത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവനയാണ് തുടരുന്ന വിവാദത്തിന് പിന്നിൽ. പുരുഷന്മാരും സ്ത്രീകളും ഇടകലർന്നുകൊണ്ടുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നും കാന്തപുരം മുസ്ലിയാർ പറഞ്ഞിരുന്നു. മലബാറിൽ മെക് സെവൻ കൂട്ടായ്മക്ക് പ്രചാരം വർധിക്കുന്നതിനിടയിലാണ് കാന്തപുരത്തിന്റെ പരാമർശം.
ഇതിനെതിരെ വിമർശനമുന്നയിച്ച സിപിഎമ്മിനെതിരെയും കാന്തപുരം രംഗത്തെത്തി. ഇസ്ലാമിന്റെ നിയമം എന്താണെന്ന് മതപണ്ഡിതന്മാര്‍ പറയും. അത് അവര്‍ക്ക് വിട്ടു കൊടുക്കണം. എം.വി. ഗോവിന്ദന്റെ ജില്ലയില്‍ 18 ഏരിയ സെക്രട്ടറിമാരുള്ളതില്‍ ഒരു സ്ത്രീ പോലും ഇല്ലെന്നും എന്തുകൊണ്ടാണ് അവിടെ ഒന്നും സ്ത്രീകളെ പരിഗണിക്കാത്തത് എന്നുമായിരുന്നു കാന്തപുരത്തിൻ്റെ ചോദ്യം.