കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയെ നയിക്കാൻ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എം.വി. ഗോവിന്ദൻ. കണ്ണൂരിലെ മൊറാഴയിലാണ് എം.വി. ഗോവിന്ദനിലെ കമ്മ്യൂണിസ്റ്റ് രൂപപ്പെട്ടത്. അമ്മാവനാണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് നടത്തിയത്. നിലവിൽ ജില്ലയിൽനിന്നുള്ള എംഎൽഎ കൂടിയാണ് എം.വി. ഗോവിന്ദൻ
പാർട്ടിയിലെ മാഷ്. കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് പോലെ മാർക്സിയൻ ആശയങ്ങൾ ഏത് സദസിനോടും മാഷ് പറയും. സദസിലിരിക്കുന്ന പാർട്ടി പ്രവർത്തകനായാലും മൈക്ക് നീട്ടി നിൽക്കുന്ന മാധ്യമ പ്രവർത്തകനായാലും മാഷ് ചോദ്യം ചോദിക്കും. കണ്ണുരുട്ടാനും ചിരിക്കാനും നിമിഷ നേരം മതി. വൈരുധ്യത്മക ഭൗതിക വാദവും, നവ ലിബറിലിസവും, കോളോണിയൽ അധിനിവേശവും തൊട്ടുപോകാതെ മാഷിന്റെ ഒരു പ്രസംഗവുമില്ല. അതിനിടയിലും വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് പറയും.
കണ്ണൂരിലെ മൊറാഴ എന്ന ചുവന്ന ഗ്രാമത്തിൽ നിന്ന് വളർന്ന മാഷിന്റെ കമ്മ്യൂണിസ്റ്റ് ബോധം പൂർണമായും ആശയാധിഷ്ഠിതമായത് ആ നാടിന്റെ കൂടി പ്രത്യേകത കൊണ്ടാണ്. നന്നേ ചെറുപ്പത്തിലേ പാർട്ടിക്കാരനായതാണ് എം.വി. ഗോവിന്ദൻ. പാച്ചേനി കുഞ്ഞിരാമനും, കെകെഎൻ പരിയാരവുമെല്ലാം എം.വി. ഗോവിന്ദനെ രാഷ്ട്രീയം പഠിപ്പിച്ചവരാണ്. പാർട്ടി പ്രവർത്തനത്തിൽ നൂറു ശതമാനവും ആത്മാർഥതയാണ് ഗോവിന്ദന്റെ പ്രത്യേകതയെന്ന് മാഷിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് നടത്തിയ അമ്മാവൻ രാഘവൻ പറയുന്നു.
കെ.കുഞ്ഞമ്പുവിന്റെയും, മാധവിയുടേയും മകനായി 1953 ഏപ്രിൽ 23നായിരുന്നു ജനനം. മൊറാഴ സെൻട്രൽ യു.പി സ്കൂൾ, കല്യാശ്ശേരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്ലോമ പാസായി. പരിയാരം ഇരിങ്ങൽ യു.പി.സ്കൂളിലെ കായികാധ്യാപകനായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായതോടെ ജോലി ഉപേക്ഷിച്ചു. ബാലസംഘത്തിലൂടെയാണ് തുടക്കം. കെ.എസ്.വൈ.എഫിന്റെ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980-ൽ ഡി.വൈ.എഫ്.ഐ യുടെ ആദ്യ സംസ്ഥാന പ്രസിഡൻ്റായി. 1995-ൽ സിപിഐഎം കണ്ണൂർ ജില്ലാ ആക്ടിംഗ് സെക്രട്ടറി യായും2002 മുതൽ 2006 വരെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ തളിപ്പറമ്പ് എംഎൽഎയാണ് എം.വി. ഗോവിന്ദൻ.
2018 മുതൽ പാർട്ടി കേന്ദ്രക്കമ്മറ്റിയിൽ അംഗമാണ്. അനാരോഗ്യം മൂലംകോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞതിനെ തുടർന്നാണ് 2022 ഓഗസ്റ്റിൽ സംസ്ഥാന സെക്രട്ടറിയായത്. അതേവർഷം പോളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. നവ കേരള നിർമ്മിതിയിലേക്ക് ലക്ഷ്യം വെച്ച് പാർട്ടി നയം തന്നെ രൂപീകരിക്കുമ്പോൾ ഈ കാലത്തിനൊപ്പം പാർട്ടിയെ നയിക്കാൻ ശേഷിയുള്ള നേതാവാണ് എം.വി. ഗോവിന്ദൻ.