ടി.പി. വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ച നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരോൾ തടവുകാരൻ്റെ അവകാശമാണ്. പരോൾ നൽകിയത് അപരാധമെന്നോ അപരാധമല്ലെന്നോ പറയുന്നില്ല. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിൽ സിപിഎം നേതാക്കൾ പങ്കെടുത്തത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
"ആർക്കെങ്കിലും പരോൾ നൽകുന്നതിൽ സിപിഎം ഇടപെടാറില്ല. അത് സർക്കാരും ജയിൽ വകുപ്പും തീരുമാനിക്കേണ്ട കാര്യമാണ്. പ്രതിയുടെ ഗൃഹ പ്രവേശനത്തിൽ പങ്കെടുത്തതിൽ എന്താണ് മഹാ അപരാധം?," സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു. വയനാട് ഡിസിസി സെക്രട്ടറിയുടെ ആത്മഹത്യ വിഷയത്തിലും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഈ സംഭവത്തിൽ മുൻവിധികൾ ഇല്ലെന്നും ആരാണ് കുറ്റക്കാരെന്ന് അന്വേഷണസംഘം കണ്ടെത്തട്ടെയെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.
മനുഷ്യാവകാശ കമ്മീഷൻ്റെ നിര്‍ദ്ദേശപ്രകാരമാണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ സുനിക്ക് പരോള്‍ അനുവദിച്ചത്. തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ചയാണ് കൊടി സുനി പുറത്തിറങ്ങിയത്.കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. പരോൾ ലഭിച്ചതോടെ വളരെ വേഗം സുനി ജയിലിൽ നിന്നും പുറത്തിറങ്ങിരുന്നു.
കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് കെ.കെ. രമ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കാതെ എങ്ങനെ പരോള്‍ അനുവദിച്ചുവെന്ന് ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്ന് രമ ആവശ്യപ്പെട്ടിരുന്നു. "ഒരു ക്രിമിനലിന് എങ്ങനെയാണ് പരോള്‍ ലഭിച്ചത്? അമ്മയ്ക്ക് കാണാന്‍ ആണെങ്കില്‍ 10 ദിവസം പോരെ. ഇത്തരമൊരു ക്രിമിനല്‍ നാട്ടില്‍ നിന്നാല്‍ എന്ത് സംഭവിക്കും? വകുപ്പ് അറിയാതെ ജയില്‍ ഡിജിപിക്ക് മാത്രമായി പരോള്‍ അനുവദിക്കാനാവില്ല. നിയമ വിദഗ്ധരുമായി ആലോചിച്ച നടപടികളിലേക്ക് കടക്കും," കെ.കെ. രമ പറഞ്ഞു.
ALSO READ: കൊടി സുനിയുടെ പരോൾ വളഞ്ഞ വഴിയിലൂടെ; സർക്കാരിനെയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം
സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതവും രംഗത്തെത്തി. 'കഠാര രാഷ്ട്രീയത്തിന് സർക്കാർ പിന്തുണയോ?' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം എഴുതിയത്. പൊലീസ് റിപ്പോർട്ട് തള്ളിയും ഹൈക്കോടതി ഉത്തരവ് ധിക്കരിച്ചും വളഞ്ഞ വഴിയിലൂടെയാണ് സുനിയെ പുറത്ത് എത്തിച്ചതെന്നും സുപ്രഭാതം വിമർശിച്ചു. കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ ഒരു അപരാധവും സിപിഎം കാണുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.