എ.ഐ വിഷയത്തിൽ നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എഐയ്‌ക്കെതിരെ ഭാവിയിൽ വലിയ സമരം ശക്തിപ്പെടുമെന്നും, എഐ ഉപയോഗിക്കുമ്പോൾ കുത്തക മൂലധനം കൂടുമെന്നും കുറെ ആളുകളുടെ തൊഴിൽ നഷ്ടമാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കുത്തകകളുടെ ഉത്പാദനോപാധിക്ക് കരുത്ത് പകരുന്നതാകും എഐ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
ഇതുവരെയുള്ള ജില്ലാ സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉണ്ടായി എന്ന് മാത്രമാണ് മാധ്യമങ്ങൾക്ക് പറയാനുണ്ടായത്. വിമർശനങ്ങൾ ഉണ്ടാകുന്നു എന്ന ചിത്രമാണ് അവർക്ക് ആകെ അവതരിപ്പിക്കാനുള്ളതെന്നും, മാധ്യമങ്ങൾ പറയുന്ന കാര്യമല്ല സമ്മേളനം ചർച്ച ചെയ്യുകയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാൻ ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുത്ത് ഐക്യ പ്രസ്ഥാനമുണ്ടാക്കി ബിജെപി വിരുദ്ധ വോട്ട് ഏകീകരിപ്പിക്കണമെന്ന് എം.വി. ഗോവിന്ദൻ ആഹ്വനം ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ബ്ലോക്ക് ഉയര്‍ന്നുവന്നത്.
ഇന്ത്യ ബ്ലോക്കിൻ്റെ ശില്‍പിയാണ് യെച്ചൂരിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ഭംഗി വാക്കല്ലെന്നും കോൺഗ്രസിൻ്റെ വല്യേട്ടൻ മനോഭാവം അന്നും പ്രകടമായിരുന്നുവെന്നും പാർട്ടി സെക്രട്ടറി വിമർശിച്ചു. 37 ശതമാനം വോട്ട് മാത്രമേ ബിജെപിക്കുള്ളൂവെന്ന് അന്നും യെച്ചൂരി പറഞ്ഞിരുന്നു. ബിജെപിയെ തോല്‍പ്പിക്കാൻ ഇനിയും സാധിക്കുമെന്ന് പറഞ്ഞതും അദ്ദേഹമാണെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ പറ്റിയും എം.വി. ഗോവിന്ദൻ സംസാരിച്ചു. 27 വര്‍ഷത്തിന് ശേഷം ബിജെപിക്ക് കിട്ടി. ആരാണ് ആ ഭരണം ബിജെപിക്ക് നല്‍കിയതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് കോൺഗ്രസാണ് എന്നാണ്. രണ്ട് തെരഞ്ഞെടുപ്പിലായി കോൺഗ്രസിന് ഒരു സീറ്റും പോലും കിട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ബിജെപിയെ തോൽപ്പിക്കണമെങ്കിൽ പോട്ടുകൾ ചിന്നഭിന്നമാകരുതെന്നത് 23-ാം പാർട്ടി കോൺഗ്രസിൻ്റെ തീരുമാനമായിരുന്നു. അത് തന്നെയാണ് ഞങ്ങൾ ഇത്തവണയും ആവർത്തിച്ചത്. കേന്ദ്ര ബജറ്റിൽ കേരളത്തിന്, സംസ്ഥാനത്തിന് എന്ന് മാധ്യമങ്ങൾ എല്ലാം വിലപിക്കുന്നു. പലരും ചോദിക്കും പോലെ ഇന്ത്യയുടെ ഭാഗമല്ലേ കേരളം എന്ന് തോന്നിക്കും വിധമുള്ള ബജറ്റ് അവതരണമാണ് നടന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രഭരണത്തിന് എതിരെ ശക്തമായ സമരത്തിന് സിപിഎം തയ്യാറെടുക്കുകയാണ്. വരുന്ന 15 മുതൽ ഏരിയ കേന്ദ്രങ്ങളിൽ സമരം ആരംഭിക്കും.സിപിഎം ദേശീയ അടിസ്ഥാനത്തിൽ സ്വതന്ത്രമായി ശക്തിപ്പെടണം എന്നതാണ് ഞങ്ങൾ കാണുന്നത്. രാജ്യമെമ്പാടും ഇടതുപക്ഷ ഐക്യം രൂപപ്പെടണം, അതിപ്പോഴും രാജ്യത്ത് രൂപപ്പെട്ടിട്ടില്ലെന്നും ഇടതുപക്ഷ ഐക്യം എന്നാൽ രാഷ്ട്രീയ കൂട്ടുകെട്ടല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാരുകളേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും തകര്‍ക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് പരസ്യമായി പറഞ്ഞ നേതാവാണ് നരേന്ദ്ര മോദി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കീഴ്‌പ്പെടുത്താനുള്ള കടന്നാക്രമണങ്ങൾ സംസ്ഥാനത്ത് ഉടനീളം ഉണ്ടായി. പുതിയ രീതിയിലാണ് ബിജെപി ഇടപെടല്‍ നടത്തുന്നത് എന്നാൽ പഴയ രീതിയിലുള്ള ആക്രമണമല്ല ഇപ്പോൾ നടക്കുന്നതെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി. ജാതി-മത വിഭാഗങ്ങളെ ഉപയോഗപ്പെടുത്തി ഇടതുപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നമ്മുടെ സ്വന്തം കാലിൽ കേരളത്തെ എങ്ങനെ വികസിപ്പിക്കാം എന്നാണ് എൽഡിഎഫ് സർക്കാർ ആലോചിക്കുന്നത്. അതിനാവശ്യമായ പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നത്.
20 കൊല്ലം കൊണ്ട് 400 വർഷത്തെ വികസനം നേടിയ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തണം. എസ്‌ഡിപിഐയും ജമാത്തെ ഇസ്ലാമിയും ഭൂരിപക്ഷ വർഗീയതയുടെ കൗണ്ടർ പാർട്ടുകളാണ്. യുഡിഎഫ് ഈ രണ്ട് വിഭാഗത്തെയും ഉപയോഗിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.തൃശൂരിൽ 86,000 വോട്ടാണ് ബിജെപിക്ക് അധികം ലഭിച്ചത്. 74,000 വോട്ടിന്ന് ജയിച്ചു. കോൺഗ്രസ് ചിലവിൽ തൃശൂരിൽ ബിജെപി എംപിയുണ്ടായി. പാലക്കാട് എസ്‌ഡിപിഐക്ക് 10000 വോട്ടുണ്ടെന്ന് പറഞ്ഞ് അവർ തന്നെ പത്രസമ്മേളനം നടത്തി. യുഡിഎഫ് ജയിച്ചത് വർഗീയ ശക്തികളുടെ വോട്ടിലാണ്. മുസ്ലീം ലീഗ് ഇപ്പോഴും വർഗീയ ശക്തികളുടെ കീഴിലാണ്. ഭൂരിപക്ഷ വർഗീയതയെ എതിർക്കുക എന്നത് ഇതുപക്ഷത്തിൻ്റെ ഉത്തരവാദിത്വമാണ്. അതുപോലെ തന്നെയാണ് ന്യൂനപക്ഷ വർഗീയതയും. 2026ൽ 100ൽ അധികം സീറ്റ് നേടി അധികാരത്തിൽ വരും.
ALSO READ: രാഹുൽ ഗാന്ധി 'രാജ്യവിരുദ്ധ പരാമർശം' നടത്തിയെന്ന് ഹിന്ദുത്വ സംഘടനകൾ; കേസെടുത്ത് ഒഡിഷ പൊലീസ്
കരുവന്നൂർ വിഷയം പാർട്ടിയെ വിഷമത്തിലാക്കിയെന്നാണ് സിപിഎം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. "കരുവന്നൂരിൽ മാത്രമല്ല, ജില്ലയിലാകെ കരുവന്നൂർ വിഷയം പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കി. കരുവന്നൂരിൽ ഉണ്ടായ ക്രമക്കേട് നീതികരിക്കാനാകാത്തതാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തന്നെ കരുവന്നൂർ വിഷയം ബാധിച്ചു. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കണം", പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ മേയർക്കെതിരെയും പ്രവർത്തന റിപ്പോർട്ടിൽ റിപ്പോർട്ടിൽ പരാമർശമുണ്ട്. ടേം വ്യവസ്ഥകൾ മേയർ എം.കെ. വർഗീസ് ലംഘിച്ചുവെന്നും, രണ്ടര വർഷത്തിനു ശേഷം മേയർ പദവി സിപിഎമ്മിന് വെച്ചുമാറാം എന്നായിരുന്നു ധാരണയെന്നും, പക്ഷെ അത് നടപ്പാക്കാനായില്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ട്.