NEWSROOM

കാപ്പാ പ്രതിയെ പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ച് സിപിഎം, പരിപാടിയിൽ പങ്കെടുത്ത് മന്ത്രി വീണ ജോർജ്

മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് ഇന്നലെ നടന്ന ചടങ്ങില്‍ മാലയിട്ട് സ്വീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

കാപ്പാ വകുപ്പ് പ്രകാരം താക്കീത് ലഭിച്ച വ്യക്തിയെ പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ച് സിപിഎം പത്തനംതിട്ട ജില്ലാ ഘടകം. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് ഇന്നലെ നടന്ന ചടങ്ങിൽ മാലയിട്ട് സ്വീകരിച്ചത്. ആരോഗ്യ മന്ത്രി വീണ ജോർജായിരുന്നു പരിപാടിയുടെ ഉദ്ഘാടക. പരിപാടിയിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് ശരണിനെ മാലയിട്ട് സ്വീകരിച്ചത്.

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 60 ഓളം പേർ ഇന്നലെ സിപിഎമ്മിലേക്ക് എത്തിയിരുന്നു. ഈ പരിപാടിയിലാണ് ശരൺ ചന്ദ്രനും പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23 നാണ് ജയിലിൽ നിന്നിറങ്ങിയത്. ഇഡ്ഡലി എന്നാണ് ശരൺ ചന്ദ്രൻ്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു.

എന്നാൽ, പത്തനംതിട്ടയിൽ മലയാലപ്പുഴ മേഖലയിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെതിരെ ശക്തമായി എതിര്‍ത്ത് പരസ്യമായി രംഗത്ത് വന്നിരുന്നു. പലരും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. മന്ത്രി പങ്കെടുത്ത പരിപാടിയിൽ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നൽകുന്ന കാര്യം പൊലീസിൻ്റെ ഇൻ്റലിജൻസ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നൽകാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.

SCROLL FOR NEXT