കരുവന്നൂര്‍ വായ്പ തട്ടിപ്പ് കേസില്‍ നേതാക്കളെ പ്രതി ചേര്‍ത്ത ഇ.ഡി നടപടിയില്‍ ജനകീയ പ്രതിഷേധത്തിനൊരുങ്ങി സിപിഐഎം. നാളെ തൃശൂരില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും സംഘടിപ്പിക്കും. ഇന്ന് ചേര്‍ന്ന സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനാണ് ഉദ്ഘാടനം ചെയ്യുക.
600 പേജുള്ള കുറ്റപത്രത്തില്‍ 360 സാക്ഷികളുണ്ട്. എന്നാല്‍ ഈ കുറ്റപത്രത്തെ പൂര്‍ണമായും തള്ളിക്കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇഡി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
സിപിഐഎമ്മിനെ ഒരു പ്രതിയാക്കി കളയാം എന്ന ധാരണയോടുകൂടെയാണ് ഇഡി മുന്നോട്ടുവന്നിരിക്കുന്നതെന്നും ഇല്ലാക്കഥയുണ്ടാക്കി കേസെടുക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്ക് നിരത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
2015 മുതല്‍ ആകെ 193 കേസുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും കൃത്യമായി പറഞ്ഞ കണക്കാണിത്. എന്നാല്‍ ഇതില്‍ ശിക്ഷ വിധിച്ചത് വെറും രണ്ട് കേസുകളില്‍ മാത്രമാണെന്ന് എം.വി. ഗോവിന്ദന്‍ പറയുന്നു. ഇഡിയുടെ കണ്ടെത്തല്‍ ആരാണ് അംഗീകരിക്കുന്നതെന്ന് ചോദിച്ച സംസ്ഥാന സെക്രട്ടറി, രാഷ്ട്രീയ ഗൂഡാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചത് ഗൂഢാലോചനയാണെന്നാണ് എം.വി. ഗോവിന്ദന്റെ പക്ഷം. കരുവന്നൂര്‍ കേസില്‍ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും സിപിഐഎം വെറുതെ വിട്ടിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ നിലപാട് സ്വീകരിച്ചുകൊണ്ട് പാര്‍ട്ടിക്കെതിരെ കള്ളക്കഥയുണ്ടാക്കുകയാണ് ഇഡി. സുപ്രീം കോടതി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാം സിപിഐഎമ്മിന് മേലെ കെട്ടിവെക്കാനാണ് പാര്‍ട്ടിയെ പ്രതിയാക്കുന്നത്. സിപിഐഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു ചുക്കും സംഭവിക്കില്ല. ഇഡിക്ക് കേരളത്തിലെ ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കുമെന്നും പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും ഇഡിക്കെതിരെ നീങ്ങുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
സിപിഐഎമ്മിനെയും മുന്‍ ജില്ലാ സെക്രട്ടറിമാരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത്, പാര്‍ട്ടിയെ വെട്ടിലാക്കികൊണ്ടാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മല്‍ കുമാര്‍ മോഷയാണ് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എം.എം. വര്‍ഗീസും, എ.സി. മൊയ്തീനും, കെ. രാധാകൃഷ്ണന്‍ എംപിയും ഉള്‍പ്പെടെ എട്ട് രാഷ്ട്രീയ പ്രവര്‍ത്തകരാണ് അന്തിമ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. പുതുതായി ചേര്‍ത്ത 27 പേരുള്‍പ്പെടെ ആകെ 83 പ്രതികള്‍ പട്ടികയിലുണ്ട്. തട്ടിപ്പ് വഴി പ്രതികള്‍ 180 കോടി രൂപ സമ്പാദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ സ്വത്തില്‍ നിന്നും 128 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.