NEWSROOM

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രചാരണം ശക്തമാക്കാനൊരുങ്ങി സിപിഎം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ഏക സിപിഎം നേതാവാണ് അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍.

Author : ന്യൂസ് ഡെസ്ക്



കരുവന്നൂര്‍ക്കേസില്‍ ലോക്കല്‍ കമ്മറ്റി അംഗം പി.ആര്‍. അരവിന്ദാക്ഷന് ജാമ്യം ലഭിച്ചതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രചാരണം ശക്തമാക്കാനൊരുങ്ങി സിപിഎം. നാളെ മുതല്‍ ആരംഭിക്കുന്ന ഏരിയ സമ്മേളനങ്ങളനങ്ങളുടെ ഭാഗമായി മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനാണ് തീരുമാനം. നിക്ഷേപകരുടെ ഭാഗത്ത് നിന്നുള്ള പരാതികള്‍ പൂര്‍ണമായും പരിഹരിക്കാനായില്ലെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉയര്‍ത്തിക്കാട്ടിയും പാര്‍ട്ടി പ്രചാരണം നടത്തും.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ഏക സിപിഎം നേതാവാണ് അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍. അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് 15ആം പ്രതിയായ അരവിന്ദാക്ഷന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. അന്വേഷണം അനന്തമായി നീളുന്ന സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്രേറ്റിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാന്‍ സിപിഐഎം തീരുമാനിച്ചത്.

പാര്‍ട്ടിയെയും നേതാക്കളെയും അപമാനിക്കാനാണ് ഇഡി ശ്രമിച്ചതെന്ന് കാട്ടി വിവാദം കത്തി നിന്നിരുന്ന സമയങ്ങളില്‍ സിപിഐഎമ്മും എല്‍ഡിഎഫും കാല്‍നട പ്രചരണജാഥ ഉള്‍പ്പടെ നടത്തിയിരുന്നു. എന്നാല്‍ അരവിന്ദാക്ഷന് ജാമ്യം ലഭിച്ച പുതിയ സാഹചര്യത്തില്‍ ഇഡിയുടെ വിശ്യാസ്യത ചോദ്യം ചെയ്തുകൊണ്ടുള്ള പ്രചാരണ തന്ത്രങ്ങളാണ് പാര്‍ട്ടി ആലോചിക്കുന്നത്. നാളെ ആരംഭിക്കുന്ന ഏരിയ സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ ഇതിനുള്ള രാഷ്ട്രീയ വേദിയാക്കും. 17 ഏരിയ സമ്മേളനങ്ങളും ജില്ലാ സമ്മേളനവും പൂര്‍ത്തിയാവുമ്പോള്‍ തൃശൂരില്‍ ഉടനീളം വിഷയത്തില്‍ പ്രചാരണം നടത്താനാവുമെന്നുമാണ് കണക്ക് കൂട്ടല്‍.


കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ ഉയര്‍ത്തിയ പരാതികള്‍ പൂര്‍ണ്ണമായി പരിഹരിച്ചിട്ടില്ലെങ്കിലും തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലൂടെ സഹകാരികളുടെ വിശ്വാസം വീണ്ടെടുക്കാനായെന്നാണ് വിലയിരുത്തല്‍. നിക്ഷേപകരുടെ പണം ഘട്ടം ഘട്ടമായി മടക്കി നല്‍കാന്‍ സാധിക്കുന്നതും ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ സഹകരണ വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതും ഉയര്‍ത്തി കാട്ടിയുള്ള വിശദീകരണങ്ങളും കേസില്‍ ഗുണം ചെയ്യുമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്.


SCROLL FOR NEXT