NEWSROOM

സംഘപരിവാറിനു വേണ്ടി സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്നു; ഗവർണർക്കെതിരെ പോര് കടുപ്പിച്ച് സിപിഎം

മലപ്പുറത്തെ സ്വർണ കടത്ത്, ഹവാല പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടേതായി വന്ന പരാമർശമാണ് ഗവർണർക്ക് ഒടുവിൽ കിട്ടിയ ആയുധം

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിക്കെതിരെ വിമർശനം തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പോര് കടുപ്പിച്ച് സിപിഎം. ഗവർണറുടേത് രാഷ്ട്രീയ നീക്കമാണെന്ന പ്രചാരണം ശക്തിപ്പെടുത്തും. ഗവർണർ പദവിയിൽ കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാറിന് വേണ്ടി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നുവെന്നാണ് സിപിഎമ്മിൻ്റെ പ്രതിരോധം.

മലപ്പുറത്തെ സ്വർണ കടത്ത്, ഹവാല പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടേതായി വന്ന പരാമർശമാണ് ഗവർണർക്ക് ഒടുവിൽ കിട്ടിയ ആയുധം. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞെങ്കിലും ഗവർണർ അംഗീകരിക്കാൻ തയ്യാറായില്ല.രാജ്യത്തിനെതിരായ കുറ്റകൃത്യമാണിതെന്ന് മുഖ്യമന്ത്രി തന്നെ തനിക്ക് നൽകിയ കത്തിൽ പറയുന്നുണ്ടെന്നാണ് ഇന്നലെ ഗവർണർ പറഞ്ഞത്.ഗവർണറുടെ നീക്കത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് മനസ്സിലാക്കിയാണ് സിപിഎമ്മിൻ്റെ പ്രതിരോധം.

അഞ്ചുവർഷം കഴിഞ്ഞിട്ടും ഗവർണറെ കേന്ദ്രസർക്കാർ മാറ്റാത്തത് സംസ്ഥാനസർക്കാരിനെതിരെ പോരാട്ടം കടുപ്പിക്കാനാണെന്ന തിരിച്ചറിവ് സിപിഎമ്മിൽ ഉണ്ട്. വരും ദിവസങ്ങളിൽ ഇടതുമുന്നണിയിലെ മറ്റു നേതാക്കളും ഗവർണർക്കെതിരെ രംഗത്ത് വരും. സർക്കാരിനെയും, മുഖ്യമന്ത്രിയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ഗവർണറുടെ നീക്കത്തെ മുന്നണി ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

SCROLL FOR NEXT