NEWSROOM

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം: റോളില്ലാതെ സംസ്ഥാന സെക്രട്ടറി, നിറഞ്ഞ് നിന്ന് പിണറായി, ക്ഷണം കിട്ടാതെ ജി. സുധാകരന്‍

സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സെമിനാറിൽ മാത്രമാണ് എം.വി. ഗോവിന്ദൻ പ്രസംഗിച്ചത്

Author : ന്യൂസ് ഡെസ്ക്

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ സമാപന പൊതു സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എത്തിയില്ല. സമ്മേളനത്തിൽ സമ്പൂർണമായി ഇടപെട്ടത് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ മാത്രമാണ്.  പിണറായി വിജയനും ജില്ലാ സെക്രട്ടറിയും മാത്രമാണ് ചർച്ചയ്ക്ക് മറുപടി പറഞ്ഞത്. പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തതും പിണറായി വിജയനാണ്.

സംസ്ഥാന സെക്രട്ടറിയെ അവഗണിച്ചതില്‍ പ്രതിനിധികൾക്കിടയിൽ അമർഷമുയർന്നിരുന്നു. സംസ്ഥാന സെക്രട്ടറിയെ നോക്കുകുത്തിയാക്കിയെന്നാണ് വിമർശനം. സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സെമിനാറിൽ മാത്രമാണ് എം.വി. ഗോവിന്ദൻ പ്രസംഗിച്ചത്. പ്രമുഖ സിപിഎം നേതാവായ ജി. സുധാകരന്‍റെ അഭാവവും ചർച്ചയായിരുന്നു. സമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നാണ് ജി. സുധാകരന്‍റെ വിശദീകരണം. നേരത്തെ ഏരിയ സമ്മേളനങ്ങളിലും അദ്ദേഹത്തിന് ക്ഷണം ഉണ്ടായിരുന്നില്ല. ജി. സുധാകരൻ പങ്കെടുക്കാത്ത ആദ്യത്തെ ജില്ലാ സമ്മേളനമാണിത്.

അതേസമയം, ആര്‍. നാസര്‍ തന്നെയാണ് മൂന്നാം തവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. യു. പ്രതിഭ എംഎല്‍എ ഉള്‍പ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അഞ്ചുപേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. 46 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രന്‍, മാരാരിക്കുളം ഏരിയ സെക്രട്ടറി സി. രഘുനാഥ് എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം. സുരേന്ദ്രന്‍, ജി. വേണുഗോപാല്‍ എന്നിവരെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന എന്‍. ശിവദാസനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ കായംകുളം ഏരിയ കമ്മിറ്റിയില്‍ നിന്നും ശിവദാസനെ ഒഴിവാക്കിയിരുന്നു. ജലജ ചന്ദ്രനെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

SCROLL FOR NEXT