കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐയ്ക്കും സിപിഎമ്മിനും തുല്യ പങ്കുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് ശക്തിപ്പെട്ടേ തീരൂ . ഇതിനായി തിരുത്തേണ്ടത് തിരുത്തുമെന്നും, സിപിഎമ്മും സിപിഐയും അതിനായി തയ്യാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.ചെങ്കൊടിക്ക് കീഴിൽ അധോലോക സംസ്കാരം വളരുന്നത് കമ്മ്യൂണിസത്തിന് നിരക്കുന്നതല്ല. ഇഎംഎസിനെക്കാൾ മികച്ച മുഖ്യമന്ത്രിയായിരുന്നു സി അച്യുതമേനോനെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ, യുഡിഎഫിലേക്ക് വരണമെന്ന എം എം ഹസ്സന്റെ പ്രസ്താവനയെ ചിരിച്ച് തള്ളുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിചേർത്തു. സിപിഐ യുഡിഎഫിലേക്ക് വരണമെന്നും ഇടത് മുന്നണിയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്നുമുള്ള കോൺഗ്രസ് നേതാവ് എം എം ഹസ്സന്റെ പ്രസ്താവന ചിരിച്ച് തള്ളുകയാണെന്ന് ബിനോയ് വിശ്വം ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പറഞ്ഞത് .
കണ്ണൂർ സിപിഎം നേതാക്കൾക്കെതിരെ മുൻ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ബിനോയ് വിശ്വം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. വിമർശനത്തിൽ ഉറച്ച് നിൽക്കുന്നതായി ബിനോയ് വിശ്വം പറഞ്ഞു. ചെങ്കൊടിക്ക് കീഴിൽ അധോലോക സംസ്കാരം വളരുന്നത് കമ്മ്യൂണിസത്തിന് ചേർന്നതല്ല. അഭിപ്രായം വ്യക്തിപരമല്ല, പാർട്ടി നിലപാടാണെന്നും. ഇടതുമുന്നണിയെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഇഎംഎസിനെക്കാൾ മികച്ച മുഖ്യമന്ത്രി സി അച്യുതമേനോനെന്ന് പറഞ്ഞ ബിനോയ് വിശ്വം അതിനർത്ഥം പിണറായി മോശക്കാരനാണ് എന്നല്ലെന്നും വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അച്യുതമേനോനെക്കുറിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി പരാമർശിച്ചത്.