NEWSROOM

വഞ്ചിയൂരിലെ റോഡ് കയ്യേറിയുള്ള സിപിഎം ഏരിയാ സമ്മേളനം ഗുരുതര നിയമലംഘനം; വിമർശനവുമായി ഹൈക്കോടതി

സ്റ്റേഷന്‍റെ മുന്നില്‍ തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങിയില്ലെന്ന് കോടതി

Author : ന്യൂസ് ഡെസ്ക്

വഞ്ചിയൂരില്‍ റോഡ് കയ്യേറിയുള്ള സിപിഎം ഏരിയാ സമ്മേളനത്തിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. സ്റ്റേഷന്‍റെ മുന്നില്‍ തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങിയില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയോട് കോടതി റിപ്പോര്‍ട്ട് തേടി.

വീഡിയോ ദ്യശ്യങ്ങൾ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രഥമദൃഷ്ട്യാ നിയമലംഘനം കണ്ടിട്ടും പൊലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ വഞ്ചിയൂര്‍ എസ്എച്ച്ഒയോടുള്ള കോടതിയുടെ ചോദ്യം. സ്റ്റേജ് അഴിച്ചു മാറ്റാന്‍ സിപിഎം ഏരിയ സമ്മേളനത്തിന്‍റെ കണ്‍വീനറോട് പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്ന് എസ്എച്ച്ഒ മറുപടി നല്‍കി. അത് കേട്ട് കയ്യും കെട്ടി നോക്കിനിന്നോ, പാർട്ടിക്കാർ അങ്ങനെ പറഞ്ഞാൽ എന്തായിരുന്നു ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.

തിരുവനന്തപുരം കോര്‍പറേഷന് ഒരു നോട്ടീസ് പോലും നല്‍കാതെ സ്റ്റേജ് പൊളിച്ചുമാറ്റമായിരുന്നു. അനാസ്ഥ കണ്ടില്ലെന്ന് നടിച്ച കോര്‍പറേഷന്‍ സെക്രട്ടറിക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. സംഭവത്തില്‍ മൈക്ക് ഓപ്പറേറ്ററെ മാത്രം പ്രതിയാക്കാനുള്ള പൊലീസ് നീക്കം അനുവദിക്കാനാവില്ല. എഫ്ഐആറിൽ കൂടുതൽ വകുപ്പുകൾ ഉൾപെടുത്തേണ്ടതുണ്ട്. സ്റ്റേജിലിരുന്ന നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല. പ്രസംഗിച്ചവരും നാടകം കളിച്ചവരുമെല്ലാം നിയമലംഘത്തിന് കൂട്ടുനിന്നവരാണ്. അവിടെയെത്തിയ വാഹനങ്ങളുള്‍പ്പെടെ പിടിച്ചെടുക്കണം. ഇതൊന്നും ഡിജിപി കണ്ടില്ലേയെന്നും കോടതി ചോദിച്ചു. തിങ്കളാഴ്ചയ്ക്ക്കം സംസ്ഥാന പൊലീസ് മേധാവി സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുക്കണോ എന്ന് തിങ്കളാഴ്ച തീരുമാനിക്കുമെന്നും കോടതി പറഞ്ഞു. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിച്ചത്.

SCROLL FOR NEXT