NEWSROOM

സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും; 24-ാം പാർട്ടി കോൺഗ്രസ് വരെ പ്രകാശ് കാരാട്ട് കേന്ദ്ര കമ്മിറ്റി കോർഡിനേറ്റർ

2025 ഏപ്രിലിൽ മധുരയിൽ വെച്ചാണ് സിപിഎം പാർട്ടി കോൺഗ്രസ് നടക്കുക

Author : ന്യൂസ് ഡെസ്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. പാർട്ടി കോൺഗ്രസ് നടക്കുന്നത് വരെ ഇടക്കാല കോ-ഓർഡിനേറ്ററായി പ്രകാശ് കാരാട്ട് തുടരും.

പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയവും സംഘടനാ രേഖകളും സംബന്ധിച്ച പ്രാഥമിക ചർച്ചകളായിരിക്കും പ്രധാനമായും ഇന്ന് ഡൽഹിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകുക. ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും, ഇന്ത്യാ സഖ്യത്തിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചചെയ്യും.

ബിജെപിയുമായി കേരള സർക്കാർ ധാരണയിലാണ് എന്ന വാദം രാഷ്ട്രീയമായി നേരിടാൻ കേന്ദ്ര കമ്മിറ്റി നിർദേശം നൽകി. കേരളത്തോട് കേന്ദ്രത്തിനുള്ള വിവേചനപരമായ നടപടികൾ ചെറുക്കുന്നതിനുള്ള നീക്കങ്ങളും നടത്താൻ നിർദേശിച്ചു. ഹിന്ദുത്വ ശക്തികളുമായി പാർട്ടി സന്ധി ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള നീക്കത്തെ തുടക്കം മുതൽ തന്നെ ശക്തമായി എതിർക്കേണ്ടതായിരുന്നുവെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും ഇടക്കാല കോ-ഓർഡിനേറ്ററായി മുതിർന്ന നേതാവും പാർട്ടി മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തി. 2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസ് വരെ പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി കാരാട്ട് തുടരും. പാർട്ടി കോൺഗ്രസിലായിരിക്കും പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും.

SCROLL FOR NEXT