സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ രംഗത്തെത്തി. കാലവധി കഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെറും സ്റ്റെപ്പിനിയാണെന്ന് എ.കെ ബാലന്‍ പരിഹസിച്ചു.
ഭരണഘടനക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജ്ഭവനെ ആര്‍എസ്എസ് കേന്ദ്രമാക്കി മാറ്റി. ഇന്ത്യാ രാജ്യത്തെ ഒരു ഗവർണറും ചെയ്യാത്തതാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്. സർ സിപിയെ കേരളം നാടുകടത്തിയത് ഗവർണർ അറിയുന്നത് നന്നാവുമെന്നും എ.കെ ബാലൻ പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവിനെയും ഗവർണർ അപമാനിച്ചു. ഗവർണർ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് നല്ല നിലപാടാണ് സ്വീകരിച്ചത്. ബിജെപിയുടെ ചട്ടുകമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഗവർണർ ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്. പിണറായിയെ മൂലക്കിരുത്താനാണ് ഗവര്‍ണറുടെ നീക്കം. ഇദ്ദേഹത്തെ പോലെ എല്ലാ ഗവര്‍ണര്‍മാരും പെരുമാറിയാല്‍ രാജ്യത്ത് ഒരു നിയമവും പാസാവില്ല. ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും ഇടതുപക്ഷം പോകുമെന്നും എ.കെ ബാലന്‍ പറഞ്ഞു.
ഗവര്‍ണര്‍ ക്രിമിനലുകളെന്ന് വിളിച്ച എസ്എഫ്ഐയാണ് കേരളത്തിലെ ക്യാമ്പസുകളില്‍ ജയിച്ചത്. ബിജെപി ജയിക്കുമെന്ന് പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ട് തട്ടിയെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ എൽഡിഎഫ് ജയിക്കും. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. വയനാട്ടിൽ ശക്തമായ മത്സരം നടക്കുമെന്നും എ. കെ. ബാലൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നിരന്തരം രംഗത്തുവരുന്ന ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തുവന്നിരുന്നു. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ മാത്രമാണ്. ഗവർണറുടെ ഭയപ്പെടുത്തലൊന്നും ഇങ്ങോട്ട് വേണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിലപാടുകളാണ് ഗവർണറുടെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടാകുന്നത്. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ് ഭവനിൽ ഇനി പ്രവേശിപ്പിക്കില്ലെന്ന ഗവർണറുടെ പ്രഖ്യാപനത്തെ 'രാജ്ഭവൻ എന്താ അമ്പലമാണോ, കൂടുതൽ കാണിക്കാതെ ഇരിക്കുന്നതാണ് ഗവർണർക്ക് നല്ലത്. വയസ്സായില്ലേ' എന്നാണ് എം.വി ഗോവിന്ദന്‍ പരിഹസിച്ചത്.